പാലക്കാട്: ആളിയാർ കരാർ ലംഘിച്ച് തമിഴ്നാട് വെള്ളം കടത്തുന്നത് തടയാൻ പറമ്പിക്കുളം ഡാം ഷട്ടറുകൾ അടക്കണമെന്ന സംയുക്ത ജല ക്രമീകരണ ബോർഡിലെ കേരള പ്രതിനിധികളുടെ റിപ്പോർട്ടിൽ തിങ്കളാഴ്ച തീരുമാനമെടുത്തേക്കും. തിരുവനന്തപുരത്ത് ചേരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുക. അന്തർ സംസ്ഥാന നദീജല കരാർ ചുമതല വഹിക്കുന്നത് മുഖ്യമന്ത്രിയുടെ വകുപ്പായതിനാൽ അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോക്കാണ് ഇത് സംബന്ധിച്ച ചുമതല. ജനുവരി ആദ്യവാരം പ്രശ്നം പരിഹരിക്കുമെന്നാണ് നളിനി നെറ്റോ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്.
തമിഴ്നാട് നിയമലംഘനം തുടരുകയാണെങ്കിൽ ഷട്ടറുകൾ അടക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സംയുക്ത ജല ക്രമീകരണ ബോർഡ് ഡയറക്ടർ പി. സുധീർ ജലവിഭവ വകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്. ഇതേ ആവശ്യം ഉന്നയിച്ച് ചീഫ് എൻജിനീയർ ചീഫ് സെക്രട്ടറിക്കും റിപ്പോർട്ട് നൽകി. എന്നാൽ, നിരവധി പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിഷയമായതിനാൽ സർക്കാർ നിർദേശമില്ലാതെ പറമ്പിക്കുളം ഷട്ടറുകൾ അടക്കേണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഷട്ടറുകൾ അടക്കാൻ ബോർഡ് ഡയറക്ടർക്ക് അധികാരമുണ്ടെങ്കിലും അന്തർ സംസ്ഥാന നദീജല ജനറൽ ചീഫ് എൻജിനീയറുടെയും കെ.എസ്.ഇ.ബി ചീഫ് എൻജിനീയറുടെയും അനുമതിയില്ലാതെ നടപടിയെടുക്കില്ലെന്ന് പി. സുധീർ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഷട്ടറുകൾ അടച്ചാൽ തമിഴ്നാട് വൈകാരികമായി പ്രതികരിക്കാൻ സാധ്യതയേറെയുള്ളതിനാൽ സാങ്കേതിക തീരുമാനത്തേക്കാൾ നയപരമായ തീരുമാനത്തിനായിരിക്കും മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. പറമ്പിക്കുളം ഡാം ഷട്ടറുകൾ അടച്ചാൽ ആളിയാർ ഡാമിൽനിന്ന് കേരളത്തിന് അനുവദിക്കുന്ന വെള്ളം തടയുമെന്നാണ് തമിഴ്നാട് ഭീഷണി. അങ്ങനെയെങ്കിൽ കോയമ്പത്തൂരിലേക്ക് കുടിവെള്ളം നൽകുന്ന ശിരുവാണി ഡാം അടക്കേണ്ടിവരും. ഇത് നിരവധി പ്രശ്നങ്ങൾക്ക് ഇടയാക്കും. തമിഴ്നാട് നിയമലംഘനം തുടരുകയാണെങ്കിൽ ചൊവ്വാഴ്ച മുതൽ പറമ്പിക്കുളം ഡാം ഷട്ടറുകൾ അടക്കുമെന്ന് ചിറ്റൂരിലെ കർഷകർക്ക് ഉറപ്പു നൽകിയതിനാൽ വിഷയത്തിൽ ഉടൻ തീരുമാനമെടുക്കേണ്ടത് അനിവാര്യമാണെന്ന് ജലസേചന ചീഫ് എൻജിനീയർ സി. ബാലൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.