തിരുവനന്തപുരം: പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സ്വയംഭരണ സ്ഥാപനമാക്കി (ഓട്ടോണമസ്) ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്‍െറ അധ്യക്ഷതയില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മാ നജ്മെന്‍റ് പ്രതിനിധികളും തമ്മില്‍ തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. റീജ്യനല്‍ കാന്‍സര്‍ സെന്‍റര്‍ (ആര്‍.സി.സി), ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍, മലബാര്‍ കാന്‍സര്‍ സെന്‍റര്‍ (എം.സി.സി) തുടങ്ങി സ്വയംഭരണ സ്ഥാപനങ്ങളുടെ മാതൃകയിലാവും പരിയാരം സഹകരണ മെഡിക്കല്‍ കോളജും സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുക. മുഖ്യമന്ത്രി ചെയര്‍മാനായും ആരോഗ്യമന്ത്രി വൈസ് ചെയര്‍മാനായും ഭരണസമിതി രൂപവത്കരിക്കും. ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് ഒരാളെ നിയോഗിക്കാനും തീരുമാനിച്ചു.
കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ് പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. അതിന്‍െറ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ അടക്കം സ്ഥാപനത്തിന്‍െറ ആസ്തി നിര്‍ണയിക്കാന്‍ ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. രണ്ട് തവണയായി ആസ്തി നിര്‍ണയം നടന്നെങ്കിലും താല്‍ക്കാലികക്കാരായ നിരവധി ജീവനക്കാരുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാനായില്ല. കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ ഇത് അധികബാധ്യതയാവുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എങ്കിലും തുടര്‍നടപടി ഒന്നും കാര്യമായി മുന്നോട്ടുപോയില്ല. ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം വീണ്ടും കോളജ് ഏറ്റെടുക്കല്‍ വിഷയം സജീവമാകുകയും അതിന്‍െറ അടിസ്ഥാനത്തിലാണ് ആദ്യയോഗം ചേര്‍ന്ന് സ്വയംഭരണ സ്ഥാപനം എന്ന രീതിയില്‍ ഏറ്റെടുക്കുമെന്ന ധാരണയിലത്തെിയത്.
തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരെ ക്കൂടാതെ പരിയാരം മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍, വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, പ്രിന്‍സിപ്പല്‍ ഡോ. കെ. സുധാകരന്‍, എം.ഡി കെ. രവി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.