കണ്ണൂര്‍: ഡി.വൈ.എഫ്.ഐയുടെ സ്വാശ്രയവിരുദ്ധ സമരത്തിന്‍െറ ആദ്യ വെടിക്കെട്ടും വെടിവെപ്പും അരങ്ങേറിയയിടത്ത് ഇക്കുറി മെഡിക്കല്‍ പ്രവേശത്തിന് സര്‍ക്കാര്‍ നല്‍കിയ പ്രത്യേക അനുവാദമനുസരിച്ച് കോടികളുടെ അധികവരവ്. സി.പി.എം നേതാവ് എം.വി. ജയരാജന്‍ അധ്യക്ഷനായ പരിയാരം മെഡിക്കല്‍ കോളജില്‍ ഇന്നലെ മുഴുവന്‍ സീറ്റിലും പ്രവേശം പൂര്‍ത്തീകരിച്ചപ്പോള്‍ ഫീസിനത്തില്‍ മാത്രം രണ്ടു കോടിയോളമാണ് കഴിഞ്ഞവര്‍ഷത്തെക്കാള്‍ അധികവരവ്.
സ്വാശ്രയ കോളജുകള്‍ക്ക് ഫീസ് നിശ്ചയിച്ച് സെപ്റ്റംബര്‍ ഒന്നിന് ഉത്തരവിറക്കിയപ്പോള്‍ പരിയാരം മെഡിക്കല്‍ കോളജിന് മാത്രമായി പ്രത്യേക നിരക്ക് പരാമര്‍ശിച്ചിരുന്നു. ഉത്തരവ് സ്വാശ്രയ കോളജ് പ്രിന്‍സിപ്പല്‍മാരുടെ ഗണത്തിലാണ് പരിയാരത്ത് എത്തിയത്. പക്ഷേ, പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ മേഖലയിലോ സ്വാശ്രയമോ അല്ല എന്നാണ് ഭരണസമിതിയുടെ വിശദീകരണം. ഇത്തരത്തില്‍ ഇരുതോണിയിലും കാലുറപ്പിക്കുന്നതായിരുന്നു ഫീസ് ഘടന. സ്വാശ്രയത്തോളം കൂടുതലല്ല. എന്നാല്‍, സര്‍ക്കാറിനോളം ഉദാരവുമല്ല. ഇത്തവണത്തെ നിരക്ക് നടപ്പിലായപ്പോള്‍ ഫലത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ ലാഭകരവുമായി.
പരിയാരത്തെ 100 എം.ബി.ബി.എസ് സീറ്റില്‍ 50 മെറിറ്റ് ക്വോട്ടയില്‍ 12 പേര്‍ക്ക് മാത്രമാണ് 25,000 രൂപയുടെ ബി.പി.എല്‍ ഫീസ് ക്വോട്ടയില്‍ പ്രവേശം കിട്ടിയത്. 45,000 രൂപയുടെ എസ്.ഇ.ബി.സി ക്വോട്ടയില്‍ എട്ടും ശേഷിച്ച 30 സീറ്റും രണ്ടരലക്ഷം ഫീസ് ഇനത്തിലായിരുന്നു. കഴിഞ്ഞതവണ ഇത് 1,85,000 രൂപയായിരുന്നു.
അവശേഷിച്ച 50 സീറ്റില്‍ 35 മാനേജ്മെന്‍റ് ക്വോട്ടക്ക് 10 ലക്ഷം വീതമാണ് ഈടാക്കിയത്. സ്വാശ്രയത്തെക്കാള്‍ ലക്ഷം മാത്രം കുറവ്. കഴിഞ്ഞതവണ പരിയാരത്ത് ആറര ലക്ഷത്തിന് നല്‍കിയ സീറ്റിനാണ് ഇക്കുറി 10 ലക്ഷം നല്‍കേണ്ടത്. മാനേജ്മെന്‍റ് ക്വോട്ടയിലെ 15 എന്‍.ആര്‍.ഐ സീറ്റിന് 14 ലക്ഷം ഫീസ് നിരക്കിലാണ് പ്രവേശം നല്‍കിയത്. സ്വാശ്രയത്തെക്കാള്‍ ലക്ഷം കുറവ്. കഴിഞ്ഞതവണ 12 ലക്ഷം ഫീസ് ഈടാക്കിയ എന്‍.ആര്‍.ഐ ക്വോട്ടയില്‍ രണ്ടു ലക്ഷം വീതമാണ് ഇക്കുറി വര്‍ധിച്ചത്. സ്വാശ്രയ-സ്വകാര്യ മാനേജ്മെന്‍റുകളെപ്പോലെ തങ്ങള്‍ ബാങ്ക് ഗാരന്‍റിയോ ഡെപ്പോസിറ്റോ സ്വീകരിക്കാതെയാണ് പ്രവേശം നല്‍കുന്നതെന്നാണ് ഭരണസമിതി വിശദീകരിക്കുന്നത്.
ബി.ഡി.എസ് പ്രവേശത്തിലും മാനേജ്മെന്‍റ് സീറ്റിലും എന്‍.ആര്‍.ഐ ക്വോട്ടയിലും സ്വാശ്രയ കോളജുകള്‍ക്ക് നിശ്ചയിച്ചതിലും ഓരോ ലക്ഷം കുറവാണ്. പക്ഷേ, കഴിഞ്ഞവര്‍ഷത്തെക്കാള്‍ കൂടുതലുമായിരുന്നു.
കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ക്വോട്ടയിലെ 35 ജനറല്‍ സീറ്റ്, മാനേജ്മെന്‍റ് ക്വോട്ടയിലെ 35 ജനറല്‍ സീറ്റ്, 15 എന്‍.ആര്‍.ഐ സീറ്റ് എന്നിവയിലൂടെയുള്ള ഫീസ് വരവ് നാലു കോടി 57 ലക്ഷമാണെങ്കില്‍ ഇത്തവണ അത് ആറു കോടി 35 ലക്ഷമാണ്. ബി.ഡി.എസ് സീറ്റുകളിലൂടെയുള്ള വര്‍ധന ഇതിന് പുറമേയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.