മൂന്നാർ: മൂന്നാറിലെ വിവാദ കൈയേറ്റ സ്ഥലങ്ങളും പരിസ്ഥിതിക്കു ദോഷം വരുത്തുന്ന കെട്ടിടങ്ങളും കേന്ദ്ര പരിസ്ഥിതി പാർലമെൻററി സംഘം ബുധനാഴ്ച സന്ദർശിക്കും. കോൺഗ്രസ് നേതാവും സമിതി അധ്യക്ഷയുമായ രേണുക ചൗധരിയുടെ നേതൃത്വത്തിലെ സമിതിയാണ് പരിശോധന നടത്തുന്നത്. വിവിധ രാഷ്ട്രീയ കക്ഷികളിലുള്ളവരും എം.പിമാരും അടങ്ങുന്ന 11 അംഗ സംഘമാണ് മൂന്നാറിലെത്തിയത്.
വിവാദസ്ഥലങ്ങളിലടക്കം എത്തുന്ന സംഘം പാറക്കെട്ടുകൾ ഉരുണ്ടുവീണ് അപകടമുണ്ടാകാനിടയായ റിസോർട്ടുകളും പള്ളിവാസലിലെ അനധികൃത കെട്ടിടങ്ങളും സന്ദർശിക്കുമെന്നാണ് സൂചന. നേരത്തേ മൂന്നാർ സന്ദർശിച്ച കേന്ദ്രമന്ത്രി സി.ആർ. ചൗധരിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സന്ദർശനം. മന്ത്രിയുടെ സന്ദർശനശേഷം വിശദ വിവരങ്ങൾ പ്രധാനമന്ത്രിക്ക് സമർപ്പിച്ചിരുന്നു. ലോക്സഭയിലും വിഷയം ചർച്ചയായി.
മൂന്നാർ വിവാദം ദേശീയതലത്തിൽ എത്തിയ സാഹചര്യത്തിലെ കേന്ദ്രസംഘത്തിെൻറ സന്ദർശനം ഏറെ നിർണായകമാകും. കേന്ദ്രമന്ത്രി സമർപ്പിച്ച റിപ്പോർട്ടിൽ കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും മൂലം മൂന്നാർ അപകടകരമായ നിലയിലാണെന്ന് സൂചിപ്പിച്ചിരുന്നു. പ്രസന്ന ആചാര്യ, ബാലസുബ്രഹ്മണ്യൻ, സി.പി. നാരായണൻ, റൊണാൾഡ് സാപ, ഡാദൻ മിശ്ര, വിക്രം ഉസേന്തി, നാഗേന്ദ്ര സിങ്, നാഗേന്ദ്രകുമാർ പ്രധാൻ, പങ്കജ് ചൗധരി, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയവരാണ് സംഘത്തിലുള്ളവർ.
ഇരവികുളം നാഷനൽ പാർക്കിെൻറ ഭാഗമായ രാജമലയും സംഘം സന്ദർശിക്കുന്നുണ്ട്. ബി.ജെ.പി സംസ്ഥാന നേതൃത്വവും കേന്ദ്രത്തിൽ പരാതി നൽകിയിരുന്നു. വരും ദിവസങ്ങളിൽ ബി.ജെ.പി എം.പിമാരും മൂന്നാർ സന്ദർശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.