തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് സർവിസ് സംഘടനകൾ സമ്മർദം ശക്തിപ്പെടുത്തവെ, പദ്ധതിയിൽ ഇതിനകം ചേർന്ന പാർട്ട് ടൈം ജീവനക്കാരുടെയും അധ്യാപകരുടെയും രജിസ്ട്രേഷൻ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചു. പാർട്ട് ടൈം തസ്തികയിൽ രജിസ്ട്രേഷൻ എടുക്കുകയും പിന്നീട്, ഫുൾടൈം ആകുകയും ചെയ്തവരുടെ രജിസ്ട്രേഷൻ തുടരും. അവരുടെ പാർട്ട് ടൈം കാലളവിൽ അടച്ച തുക മടക്കിനൽകും. ഫുൾടൈം തസ്തികയിലേക്ക് മാറാനാകാത്ത പാർട്ട് ടൈം ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി രജിസ്ട്രേഷൻ വരുന്ന മാർച്ച് 31നകം റദ്ദാക്കാനാണ് നിർദേശം. നടപടിയെടുത്തില്ലെങ്കിൽ അനർഹമായി പങ്കാളിത്ത പെൻഷൻ പദ്ധതി അംഗത്വം നേടുന്നതു മൂലം സർക്കാറിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.
പാർട്ട് ടൈംകാരെ പദ്ധതിയിൽനിന്ന് ഒഴിവാക്കുന്ന സമയപരിധി ഇനി നീട്ടിനൽകില്ല. ഓഫിസ് തലവന്മാർ, ഡി.ഡി.ഒമാർ എന്നിവർ നിർദേശം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 2013 ഏപ്രിൽ ഒന്നിനോ ശേഷമോ സർവിസിൽ പ്രവേശിക്കുന്നവർക്കാണ് പങ്കാളിത്ത പെൻഷൻ ബാധകമാക്കിയിരുന്നത്. അതിന് മുമ്പുള്ളവർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷനാണ് ബാധകം. പാർട്ട് ടൈം ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ ബാധകമല്ലെന്ന് വ്യക്തമാക്കി 2014 ഡിസംബർ 16ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. 1-4-13 ന് മുമ്പ് പാർട്ട് ടൈം തസ്തികയിൽ നിയമനം ലഭിക്കുകയും സേവനത്തിൽ തുടരവെ, 1-4-13ന് ശേഷം ഫുൾ ടൈം തസ്തികയിലേക്ക് (ബൈട്രാൻസ്ഫർ/ബൈ പ്രമോഷൻ വഴി) നിയമിതരാകുകയും ചെയ്ത ജീവനക്കാർക്ക് പഴയ പെൻഷൻ (കെ.എസ്.ആർ ഭാഗം മൂന്ന്) ബാധകമാകും.
ഇത് സംബന്ധിച്ച സർക്കാർ ഉത്തരവുകൾ ഉണ്ടായിരിക്കെ, പാർട്ട് ടൈം ജീവനക്കാരെയും പാർട്ട് ടൈം അധ്യാപകരെയും പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുകയും എൻ.പി.എസ് വിഹിതം അടക്കുകയും ചെയ്തു. ഇവരെ എൻ.പി.എസ് പദ്ധതിയിൽനിന്ന് ഒഴിവാക്കാനും അവരിൽ നിന്ന് വിഹിതം ഈടാക്കുന്നത് നിർത്തിവെക്കാനും നിയമനാധികാരികൾക്ക് 2022 മാർച്ച് 31ന് സർക്കാർ നിർദേശം നൽകി. ഇതിനു ശേഷവും പാർട്ട് ടൈം ജീവനക്കാരും അധ്യാപകരും എൻ.പിഎസ് അംഗത്വം നേടുകയും വിഹിതം അടക്കുകയും ചെയ്തതായി ധനവകുപ്പ് കണ്ടെത്തി. ഇതുവഴി തൊഴിലുടമ വിഹിതമായി വലിയൊരു തുക സർക്കാറിന് ബാധ്യത വന്നെന്നാണ് ഉത്തരവിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.