തിരുവനന്തപുരം: സംസ്ഥാനം ഏത് പാര്‍ട്ടി ഭരിക്കുന്നുവെന്ന് നോക്കിയല്ല കേന്ദ്ര സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച പി. പരമേശ്വരന് സ്മാരക പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. സെസ് ഇനത്തില്‍ കേന്ദ്രം പിരിക്കുന്ന പണം സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയാണ് വിനിയോഗിക്കുന്നതെങ്കിലും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ചില സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്നത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ താൽപര്യം മാത്രമാണുള്ളത്.
കേന്ദ്ര പണമോ വിദേശ ഫണ്ടോ ഉപയോഗിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളുടെ ഫലം താഴെത്തട്ടിലെത്തുന്നതില് എന്താണ് തെറ്റ്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങള്‍ പരസ്പരവും സഹകരിച്ചും കൂട്ടായും ഏകോപിതമായുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നലകുന്നതിലൂടെ മാത്രമേ വികസിത രാജ്യമെന്ന ലക്ഷ്യം നേടാനാകൂ. ജി 20 സമ്മിറ്റുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും തങ്ങളുടെ സാധ്യതകള്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്രം അവസരം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് അധ്യക്ഷത വഹിച്ചു. കേന്ദ്ര മന്ത്രി വി. മുരളീധരന്, സ്വാമി മോക്ഷവൃതാനന്ദ, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ഭാരതീയ വിചാരകേന്ദ്രം പ്രസിഡന്റ് ഡോ. എം. മോഹന്‍ദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു, ജില്ല പ്രസിഡന്റ് സി.വി. ജയമണി, ജനറല്‍ കണ്‍വീനര്‍ എസ്. രാജന് പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.