ഷുഹൈബ് വധം: പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ നടപടി -കോടിയേരി

തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംഭവത്തെ അപലപിക്കുന്നു. ‍‍യഥാർഥ പ്രതികളെ പൊലീസ് കണ്ടെത്തട്ടേയെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. 

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണം. അക്രമങ്ങളും കൊലപാതകങ്ങളും നടത്താൻ പാടില്ലെന്നാണ് സി.പി.എം നിലപാട്. സി.പി.എം മുൻകൈ എടുത്ത് അക്രമങ്ങൾ നടത്താൻ പാടില്ല. ഇതിൽ വ്യത്യസ്തമായാണ് ഈ സംഭവം നടന്നത്. ഇക്കാര്യം പാർട്ടി തലത്തിൽ പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി. 

യഥാർഥ പ്രതികളെ കണ്ടെത്തേണ്ടത് പുറമെ നിന്നുള്ളവരല്ല, പൊലീസ് ആണ്. അന്വേഷണത്തിൽ ബാഹ്യശക്തികൾ ഇടപെടുന്നത് ശരിയല്ല. അതിനുള്ള സ്വാതന്ത്ര്യം പൊലീസിന് നൽകണം. പ്രതികളെപ്പറ്റി ഊഹാപോഹങ്ങൾ പരത്തുന്നത് അന്വേഷണം വഴിതെറ്റിക്കാനാണെന്നും കോടിയേരി പറഞ്ഞു. 

പരോളിലിറങ്ങിയ ടി.പി കേസ് പ്രതികളാണ് കൊലപാതകം നടത്തി എന്നത് ആരോപണം മാത്രമാണ്. ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ സമാനരീതിയിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് പതിവായിരിക്കുകയാണ്. കുറ്റവാളികളെ കണ്ടെത്താനുള്ള കഴിവ് കേരളാ പൊലീസിനുണ്ട്. പ്രതികളെ കുറിച്ച് വിവരമുണ്ടെങ്കിൽ അന്വേഷണ സംഘത്തെ അറിയിക്കാമെന്നും കോടിയേരി കൂട്ടിച്ചേർത്തു. 

Tags:    
News Summary - Party Take Action about shuhaib murder Case Accuses says kodiyeri Balakrishnan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.