കൊടുങ്ങല്ലുർ: വിവാഹം മുടങ്ങിയതുമായി ബന്ധപ്പെട്ടുള്ള പാർട്ടി പ്രവർത്തകയുടെ ഫേസ്ബുക്ക് പോസ്റ്റിനെത്തുടർന്ന് തൃശൂർ ജില്ലാ പഞ്ചായത്ത് അംഗത്തെ സി.പി.ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. സി.പി.ഐ കയ്പമംഗലം മണ്ഡലം കമ്മറ്റി അംഗവും ജില്ല പഞ്ചായത്ത് മതിലകം ഡിവിഷൻ പ്രതിനിധിയുമായ ബി.ജി. വിഷ്ണുവിനെയാണ് സസ്പെൻഡ് ചെയ്തത്.
വിഷ്ണുവുമൊത്ത് കഴിഞ്ഞ മാസം ഏഴിനായിരുന്നു യുവതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ വിവാഹം മുടങ്ങിയതോടെ പാർട്ടി പാരമ്പര്യമുള്ള കുടുംബത്തിലെ സജീവ പ്രവർത്തകയായ മതിലകം എമ്മാട് സ്വദേശിനിയാണ് കാരണം വിശദീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. തുടർന്ന് രണ്ടാം ദിവസം പാർട്ടി ഇയാൾക്കെതിരെ നടപടി സ്വീകരിച്ചു.
പഠനകാലം മുതൽ മൊട്ടിട്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരാകാനിരുന്നത്. നേരത്തേ ആഘോഷമായി നടത്താൻ തീരുമാനിച്ചിരുന്ന വിവാഹം കോവിഡ് കാരണം പലവട്ടം നീട്ടിവെക്കുകയായിരുന്നു.
കോവിഡ് വലിയ വിഷമങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഗുണമുണ്ടായ ഒരാൾ താനായിരിക്കുമെന്ന് വിവാഹം മുടങ്ങിയതിനെ പരാമർശിച്ച് പെൺകുട്ടി പറയുന്നു.
വിവാഹ ദിനത്തിൻറ തലേ ദിവസം വൈകീട്ട് പ്രതിശ്രുത വരനും ബന്ധുക്കളും മംഗല്യ പുടവ വരേ എത്തിച്ചിരുന്നു.
എന്നാൽ രാത്രിയോടെ തൃശൂർ ഭാഗത്ത് നിന്നുള്ള 24 വയസുകാരി കുടുംബസമേതം എമ്മാടുള്ള വീട്ടിലെത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി പെൺകുട്ടിയുമായി വിഷ്ണു പ്രണയത്തിലായിരുന്നുവെന്നും വിവാഹ വാഗ്ദാനം നൽകിയിട്ടുള്ളതായും അവരിൽ നിന്ന് അറിയാൻ കഴിഞ്ഞതായും പോസ്റ്റിൽ വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ കടുത്ത ആക്ഷേപം ഉന്നയിക്കുന്ന പെൺകുട്ടി താൻ അടക്കം വിശ്വസിക്കുന്ന പാർട്ടിയിലുടെ വളർന്ന് ആ പാർട്ടിക്ക് തന്നെ കളങ്കമുണ്ടാക്കുന്ന ഇത്തരം നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്നും പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നു.
വിഷ്ണു വിശ്വാസ വഞ്ചന കാണിച്ചയതായി പെൺകുട്ടി ആക്ഷേപം ഉന്നയിക്കുന്നുണ്ടെന്നും ഇത് മുൻനിർത്തിയാണ് അച്ചടക്ക നടപടിയെന്നും മണ്ഡലം സെക്രട്ടറി ടി.കെ. സുധീഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.