ചെറുതുരുത്തി: പാറു ഓടി. പുഴയും പാലവും കടന്ന് രണ്ട് കിലോമീറ്ററിലധികം. ഓട്ടം വെറുതെയായില്ല. തേടിയയാളെ പിടികൂടിയെത്തിച്ചു. ഷൊർണൂർ പൊലീസ് സ്റ്റേഷനിലെ ശ്വാനസേനയിലെ പാറു എന്ന പട്ടിയാണ് മണം പിടിച്ച് രണ്ട് കിലോമീറ്റർ ഓടി ചെറുതുരുത്തിയിൽനിന്ന് കൊലക്കേസ് പ്രതിയെ പിടികൂടിയത്. പുതുപ്പള്ളി പാമ്പാടി സ്വദേശി ജോർജിനെ (60) ആണ് പൊലീസ് പിടികൂടിയത്.
ശനിയാഴ്ച രാവിലെയാണ് ഷൊർണൂർ എസ്.എം.പി ജങ്ഷന് സമീപം കല്ലുകൊണ്ട് കുത്തേറ്റ് തല പൊട്ടി കൊല്ലപ്പെട്ട നിലയിൽ തിരുവനന്തപുരം സ്വദേശി നടരാജനെ (55) നാട്ടുകാർ കണ്ടെത്തിയത്. ആക്രി പെറുക്കി കച്ചവടം ചെയ്യുന്നയാളാണ് ഇദ്ദേഹം. ഈ മേഖലയിൽ ഇദ്ദേഹത്തോടൊപ്പം ആക്രിയുമായി സ്ഥിരമായി കാണാറുള്ള ജോർജിനെ (60) ശ്വാനസേനയുടെ ഇടപെടലിൽ ചെറുതുരുത്തി ബസ് സ്റ്റോപ്പിൽനിന്നാണ് പിടികൂടിയത്.
സ്റ്റേഷൻ ഓഫിസർ കെ. ഹരീഷ്, എസ്.ഐ ഷാഹുൽ ഹമീദ്, എ.എസ്.ഐ വനിൽ കുമാർ, ജയദേവൻ, സന്തോഷ്, പ്രകാശൻ, രമേഷ്, സി.പി.ഒ ലിഗേഷ്, കൃഷ്ണകുമാർ, രമേഷ്, വിരലടയാള വിദഗ്ധ സൗഫീന എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.