കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി രോഗി മരിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി; മനുഷ്യാവകാശ കമീഷൻ കേസെടുത്തു


തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് മാറിക്കുത്തിവെച്ച് രോഗി മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുവതിയുടെ രക്ത സാമ്പിളുകള്‍ ഉള്‍പ്പെടെ കെമിക്കല്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ മരുന്ന് മാറിയിട്ടില്ലെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മനുഷ്യാവകാശ കമീഷനും വിഷയത്തിൽ കേസെടുത്തിട്ടുണ്ട്. ആശുപത്രി സൂപ്രണ്ടിനോട് കമീഷൻ റിപ്പോർട്ട് തേടി.

ഒക്ടോബർ 27നാണ് രാവിലെ ആറോടെയാണ് സംഭവം. ആശുപത്രിയിലെ 21ാം വാർഡിൽ ചികിത്സയിലായിരുന്ന തിരുവമ്പാടി ചവലപ്പാറ കൂളിപ്പാറ സ്വദേശി സിന്ധുവാണ് (45) മരുന്ന് കുത്തിവെച്ചയുടൻ മരിച്ചത്.

നഴ്സ് മരുന്നു മാറി കുത്തിവെച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ഭർത്താവ് രഘുവിന്റെ പരാതിയിൽ നഴ്സിനെതിരെ അശ്രദ്ധമായ പ്രവൃത്തിമൂലമുണ്ടായ മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

26ന് ബുധനാഴ്ചയാണ് സിന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയെ തുടർന്ന് കൂടരഞ്ഞിയിലെ ആരോഗ്യകേന്ദ്രത്തിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതായിരുന്നു.

വാതസംബന്ധമായ അസുഖത്തിനും പനിക്കുമുള്ള മരുന്നാണ് ഇവർക്ക് കുത്തിവെച്ചതെന്നാണ് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറയുന്നത്. മരുന്ന് മാറിയിട്ടില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം പറയാനാവൂ എന്നും അധികൃതർ വ്യക്തമാക്കി. ഈ മരുന്നിന്റെ ആദ്യഡോസ് ബുധനാഴ്ച രാത്രി നൽകിയിരുന്നു.

വ്യാഴാഴ്ച രാവിലെ മരുന്ന് കുത്തിവെച്ചയുടൻ സിന്ധുവിന് വിറയലുണ്ടാവുകയും മുഖം നീല നിറമാവുകയുമായിരുന്നുവെന്ന് ഭർത്താവ് രഘു പറഞ്ഞു. മരുന്ന് മെഡിക്കൽ കോളജ് ഫാർമസിയിൽ നിന്നാണ് വാങ്ങിയത്. ഫോണിൽ സംസാരിച്ചുകൊണ്ടാണ് നഴ്സ് മരുന്ന് കുത്തിവെച്ചതെന്നും തലേദിവസം നൽകിയ മരുന്നല്ല ഇതെന്നും താൻ അടുത്തുള്ളപ്പോഴാണ് മരുന്ന് കുത്തിവെച്ചതെന്നും രഘു ആരോപിച്ചു. അസ്വസ്ഥത പ്രകടിപ്പിച്ചയുടൻ നഴ്സിനോട് വിവരം പറഞ്ഞിരുന്നു. എന്നാൽ അവർ കാര്യമായി എടുത്തില്ല.

അത് സ്വാഭാവികമാണെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് രോഗിയുടെ നാവ് തളരുകയും കുഴഞ്ഞുപോവുകയുമായിരുന്നു. ഡോക്ടർ എത്തിയാണ് മരണം സ്ഥിരീകരിച്ചത്. നഴ്സിന്റെ അനാസ്ഥക്കെതിരെ വാർഡിലുണ്ടായിരുന്നവർ ബഹളം വെച്ചു. മരുന്നു മാറി എന്ന് പരാതി പറഞ്ഞപ്പോൾ ഡോക്ടർ മൗനം പാലിക്കുകയായിരുന്നുവന്നും പോസ്റ്റ്മോർട്ടം കഴിയട്ടെ എന്ന മറുപടി മാത്രമാണ് പറഞ്ഞതെന്നും രഘു അറിയിച്ചു. അസി. പൊലീസ് കമീഷണർ കെ. സുദർശനനാണ് കേസന്വേഷിക്കുന്നത്. പൊലീസ് രഘുവിൽനിന്ന് വിശദമായ മൊഴിയെടുത്തു. 

Tags:    
News Summary - Patient's death in Kozhikode Medical College: Minister announces investigation; The Human Rights Commission filed a case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.