കൊച്ചി: വിദ്വേഷ പ്രസംഗക്കേസിൽ റിമാൻഡിലായ മുൻ എം.എൽ.എ പി.സി ജോർജിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി നാളത്തേക്ക് മാറ്റി. ജോർജിനെ കസ്റ്റഡിയിൽ വെക്കേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ച സർക്കാറിന്‍റെ ഭാഗം കൂടി കേൾക്കുന്നതിനാണ് ജസ്റ്റിസ് ഗോപിനാഥ് ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റിയത്.
കാമറക്ക് മുമ്പിൽ ചെയ്ത കുറ്റമാണിത്. അതുകൊണ്ട് തെളിവ് ശേഖരിക്കേണ്ടതില്ല. അതിനാൽ, ജോർജിനെ എന്തിന് കസ്റ്റഡിയിൽ വെക്കണമെന്ന കാര്യത്തിൽ ഡി.ജി.പി വിശദീകരണം നൽകണമെന്നും ഹൈകോടതി നിർദേശിച്ചു.
തന്നെ ഒരു തീവ്രവാദിയെ പോലെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. പ്രായാധിക്യമുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും ജാമ്യം നിഷേധിച്ചത് നിയമപരമല്ലെന്നും പി.സി ജോർജിന്‍റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഹരജി നാളെ ഉച്ചക്ക് 1.45ന് വീണ്ടും പരിഗണിക്കും.
ഇന്ന് രാവിലെയാണ് വിദ്വേഷ പ്രസംഗക്കേസിൽ പി.സി. ജോർജിനെ 14 ദിവസത്തേക്ക് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. നിലവിൽ പൂജപ്പുര ജയിലിലാണ് ജോർജ്.
ബുധനാഴ്ച അർധരാത്രിയാണ് പി.സി. ജോർജിനെ കൊച്ചിയിൽ നിന്നും തിരുവനന്തപുരം കളമശ്ശേരി എ.ആർ ക്യാമ്പിൽ എത്തിച്ചത്. ഫോർട്ട് പൊലീസ് പി.സി ജോർജുമായി തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനിടെ അദ്ദേഹത്തിന് രക്ത സമ്മർദമുണ്ടായി. 8.30 ഓടെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തി. ഒരു മണിക്കൂർ നിരീക്ഷണത്തിനു ശേഷം തിരുവനന്തപുരത്തേക്ക് പോയി.
നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാൽ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി ജോർജിനെ ഉപാധികളോടെ വിട്ടയച്ചിരുന്നു. തിരുവനന്തപുരം വിദ്വേഷപ്രസംഗക്കേസിൽ ജോർജിന്റെ ജാമ്യം ഇന്നലെ ഉച്ചയോടെയാണ് കോടതി റദ്ദാക്കിയത്.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ മെയ് ഒന്നിനാണ് പി.സി ജോർജിന് കോടതി ജാമ്യം നൽകിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പിസി ജോർജ് വിദ്വേഷ പ്രസംഗത്തിലെ പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചു. ഇതിൽ വിശദമായ വാദം കേട്ട കോടതി പി സി ജോർജ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തി.
ജാമ്യത്തിലിരിക്കെ വെണ്ണലയിൽ പിസി ജോർജ് നടത്തിയ വിദ്വേഷ പ്രസംഗവും പരിശോധിച്ച കോടതി വെണ്ണലയിലെ പി സി ജോർജിന്റെ പ്രസംഗം പ്രകോപനപരമെന്ന് കണ്ടെത്തി. പ്രസംഗം വിദ്വേഷം പടർത്തുന്നതും മതസ്പർധ വളർത്തുന്നതുമാണെന്നും തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിൽ പറയുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് പി സി ജോർജിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനും മജിസ്‌ട്രേറ്റ് അനുമതി നൽകി. പിന്നാലെ വെണ്ണല കേസിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായ പിസി ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.