തിരുവനന്തപുരം: പീഡന പരാതിയില്‍ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തത് ജനപക്ഷം നേതാവ് പി.സി. ജോർജിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തൽ നടത്താൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രത്യേക അന്വേഷണസംഘം മുമ്പാകെ ചോദ്യം ചെയ്യലിന് ഗെസ്റ്റ് ഹൗസിലെത്തിയപ്പോൾ അതിന് പിന്നാലെ അറസ്റ്റുണ്ടാകുമെന്ന് പി.സി. ജോർജ് കരുതിയിരുന്നില്ല. അദ്ദേഹത്തിെൻറ പെരുമാറ്റത്തിൽ അത് പ്രകടമായിരുന്നു. രാവിലെ 11ഓടെ എത്തിയ ജോർജിനോട് പരാതിക്കാരി നൽകിയ രഹസ്യമൊഴിയിൽ താങ്കൾക്കെതിരെ പരാമർശമുണ്ടല്ലോയെന്ന് ചോദിച്ചപ്പോൾ അത് വലിയ കാര്യമാക്കുന്നില്ലെന്നും താൻ മറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് പരാതിക്കാരി മൊഴി നൽകില്ലെന്നുമാണ് ജോർജ് പ്രതികരിച്ചത്. തുടർന്ന് ചോദ്യംചെയ്യലിന് വിധേയമാകാൻ ജോർജ് അകത്തേക്ക് പോയി. എന്നാൽ 12.40ഓടെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരി പി.സി. ജോർജ് ഫെബ്രുവരി 10ന് ഗെസ്റ്റ്ഹൗസിൽ തന്നെ പീഡിപ്പിച്ചെന്നും മോശമായി പെരുമാറിയെന്നും രേഖാമൂലം പരാതി നൽകുകയായിരുന്നു.
പരാതി നൽകി ഒരു മണിക്കൂർ തികയും മുമ്പ് കന്റോൺമെന്റ് അസി. കമീഷണറുടെ നേതൃത്വത്തിലുള്ള സംഘം ഗെസ്റ്റ് ഹൗസിലെത്തി. ഗൂഢാലോചന കേസിൽ ചോദ്യംചെയ്യൽ പൂർത്തിയായി ആഹാരം കഴിച്ചയുടൻ പി.സി. ജോർജിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസങ്ങളിലെല്ലാം രഹസ്യമൊഴി പരിശോധിക്കുകയാണെന്ന് പറഞ്ഞ പൊലീസ് അപ്രതീക്ഷിതമായാണ് അറസ്റ്റിലേക്ക് നീങ്ങിയത്. മാധ്യമപ്രവർത്തകരോട് തർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് 2.50ഓടെ ജോർജിനെ നന്ദാവനം എ.ആർ ക്യാമ്പിലേക്ക് മാറ്റി.
അഭിഭാഷകരോടും ബന്ധുക്കളോടും കൂടിയാലോചിക്കാൻ പോലും സമയം അനുവദിക്കാതെയായിരുന്നു പൊലീസ് നീക്കം. രണ്ട് മണിക്കൂറിലേറെ കഴിഞ്ഞ് ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേനാക്കി. തുടർന്നാണ് 6.30ഓടെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
പരാതി വല്ലതുമുണ്ടോയെന്ന ചോദ്യത്തിന് മറ്റൊരു കേസിൽ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ തന്നെ പെട്ടെന്ന് ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും അതിനാൽ നിയമസഹായം ഉൾപ്പെടെ തേടാൻ കഴിഞ്ഞില്ലെന്നുമാണ് ജോർജ് മറുപടി നൽകിയത്. രക്തസമ്മർദം കൂടുതലാണെന്ന മെഡിക്കൽ റിപ്പോർട്ടും പ്രതിഭാഗം കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.