പി.സി. ജോർജി​െൻറ വിവാദ പ്രസംഗം: കുറ്റപത്രം സമർപ്പിക്കാൻ സർക്കാർ അനുമതി ആവശ്യം

പത്തനംതിട്ട: തിരുവനന്തപുരത്ത് വിവാദപ്രസംഗം നടത്തിയ പി.സി. ജോർജിനെതിരായ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ സർക്കാർ അനുമതി ആവശ്യം. ഇന്ത്യൻ ശിക്ഷ നിയമം 153(എ) വകുപ്പാണ് ജോർജിനെതിരെ പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഈ വകുപ്പ് അനുസരിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിക്കണമെങ്കിൽ സർക്കാർ അനുമതി ആവശ്യമാണെന്ന് 1973ലെ ക്രിമിനൽ നടപടിക്രമം 196(1) വ്യവസ്ഥ ചെയ്യുന്നുണ്ട്. 153(എ) ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്യാറുണ്ടെങ്കിലും അതിൽ കുറ്റപത്രം സമർപ്പിക്കാൻ സർക്കാർ അനുമതി നൽകിയ സംഭവങ്ങൾ അപൂർവമാണ്. സംഭവങ്ങൾ നടന്ന് വിവാദവും പ്രതിഷേധവും ഉയരുമ്പോൾ പൊലീസ് 153(എ) ചുമത്തി കേസ് എടുക്കാറുണ്ടെങ്കിലും പിന്നീട് അത് തേഞ്ഞുമാഞ്ഞുപോകും.

2016 ആഗസ്റ്റ് നാലിന് പത്തനാപുരത്ത് ആർ. ബാലകൃഷ്ണപിള്ള മതസ്പർധ ഉണ്ടാക്കുംവിധം പ്രസംഗം നടത്തിയിരുന്നു. അന്നും പൊലീസ് ജാമ്യമില്ലാ വകുപ്പായ 153(എ) ചുമത്തി കേസെടുത്തെങ്കിലും തുടർനടപടി ഉണ്ടായില്ല. 2003 മേയ് രണ്ടിന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ വിവാദപ്രസംഗം നടത്തിയ വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര സെക്രട്ടറി ജനറൽ പ്രവീൺ തൊഗാഡിയക്കെതിരെ ചുമത്തിയതും ഇതേ വകുപ്പായിരുന്നു. സർക്കാർ അനുമതി നൽകിയിട്ടും കേസിൽ അന്തിമ റിപ്പോർട്ട് പൊലീസ് സമർപ്പിച്ചത് 2012ലാണ്. മൂന്നുവർഷത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന വ്യവസ്ഥ പാലിക്കാത്തതിനാൽ കോടതി കേസ് തള്ളി.

153(എ) വകുപ്പ് ചുമത്തിയാൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലേ കുറ്റപത്രം സമർപ്പിക്കാനാകൂ. സർക്കാർ അനുമതിയില്ലാതെ കുറ്റപത്രം കോടതിയിൽ നൽകിയാൽ കോടതി അത് സ്വീകരിക്കില്ല. ജാതി, മതം, വർഗം, താമസം, ജന്മദേശം, ഭാഷ എന്നിവയുടെ പേരിൽ ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നവർക്കെതിരെയാണ് 153(എ) ചുമത്തുന്നത്. മൂന്നുവർഷം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വകുപ്പ് ദുരുപയോഗം ചെയ്യാൻ പാടില്ലെന്ന ഉദ്ദേശ്യത്തോടെയാണ് സർക്കാർ അനുമതി ആവശ്യമാണെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

മാരാമൺ കൺവെൻഷൻ നടക്കുന്ന മണൽത്തിട്ടയുടെ കൽക്കെട്ടുകൾ സംഘ്പരിവാർ പ്രവർത്തകർ തകർത്ത സംഭവം വർഷങ്ങൾക്കുമുമ്പ് ഉണ്ടായിരുന്നു. അതിലും പ്രതികൾക്കെതിരെ ഇതേ വകുപ്പാണ് പൊലീസ് ചുമത്തിയതെങ്കിലും കുറ്റപത്രം സമർപ്പിക്കാൻ സർക്കാർ അനുമതി നൽകിയില്ലെന്ന് പത്തനംതിട്ടയിലെ ഒരു അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സമാനമായ നിരവധി കേസുകൾ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടെന്നും അവയിൽ കുറ്റപത്രം സമർപ്പിക്കാൻ സർക്കാർ അനുമതി നൽകിയത് വളരെ വിരളമായിട്ടാണെന്നും അഭിഭാഷകൻ പറഞ്ഞു.

Tags:    
News Summary - PC George's controversial speech: Government permission required to file chargesheet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.