ഈരാറ്റുപേട്ട: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഷോൺ ജോർജിന്റെ ഫോൺ കണ്ടെത്താൻ പി.സി. ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. കേസ് അട്ടിമറിക്കാന്‍ പി.സി. ജോർജിന്റെ മകനും കോട്ടയം ജില്ല പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജ് വ്യാജമായി സ്ക്രീൻ ഷോട്ടുകൾ സൃഷ്ടിച്ചെന്ന പരാതിയിലായിരുന്നു പരിശോധന.
വ്യാഴാഴ്ച രാവിലെ 7.15ന് ഈരാറ്റുപേട്ട ചേന്നാട്ടുകവലയിലെ വീട്ടിലെത്തിയ അന്വേഷണസംഘം, അഞ്ചുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ മൂന്നു മൊബൈൽ ഫോണും അഞ്ച് മെമ്മറി കാർഡും രണ്ട് ടാബ്ലെറ്റും കസ്റ്റഡിയിലെടുത്തു. സ്ക്രീൻഷോട്ടുകൾ നിർമിക്കാൻ ഉപയോഗിച്ച ഫോൺ ഇതിലുണ്ടോയെന്ന് പരിശോധിക്കാനാണ് ഇവ പിടിച്ചെടുത്തതെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അമ്മിണിക്കുട്ടൻ പറഞ്ഞു.
കേസിലെ പ്രതിയായ നടന് ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് വരുത്താന്‍ ലക്ഷ്യമിട്ട് 'ദിലീപിനെ പൂട്ടണം' എന്ന പേരിൽ വ്യാജമായി വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കിയിരുന്നതായാണ് അന്വേഷണസംഘം പറയുന്നത്. നടി മഞ്ജു വാര്യർ, ഡി.ജി.പി ബി. സന്ധ്യ എന്നീ പേരുകൾ വ്യാജമായി ഉൾപ്പെടുത്തിയതായിരുന്നു ഗ്രൂപ്. തുടർന്ന് ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ പ്രചരിപ്പിച്ചു. ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന തരത്തിൽ വ്യാജതെളിവ് സൃഷ്ടിക്കാനാണ് ഇത്തരമൊരു ഗ്രൂപ് രൂപവത്കരിച്ചതെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
ദിലീപിന്റെ സഹോദരനും നടിയെ ആക്രമിച്ച ഗൂഢാലോചനക്കേസിലെ പ്രതിയുമായ അനൂപിന്റെ ഫോൺ പരിശോധിച്ചപ്പോൾ ഇത്തരം സ്ക്രീൻ ഷോട്ടുകൾ ലഭിച്ചു. ഇത് അയച്ചത് ഷോണിന്റെ ഫോൺ നമ്പറില്‍നിന്നാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. തന്റെ പേരിലുള്ള സ്ക്രീൻ ഷോട്ടുകൾ വ്യാജമാണെന്ന് കാട്ടി സംവിധായകൻ ബൈജു കൊട്ടാരക്കരയും പരാതി നൽകിയിരുന്നു. ഈ സ്ക്രീൻ ഷോട്ടുകൾ അയച്ച ഫോൺ കണ്ടെത്താനാണ് പരിശോധന നടത്തിയതെന്ന് അന്വേഷണസംഘം പറഞ്ഞു. കോടതിയുടെ അനുമതിയോടെയാണ് സംഘമെത്തിയത്. അനൂപും ഷോൺ ജോർജും തമ്മിൽ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ി.സി. ജോർജും ഷോൺ ജോർജും അടക്കം കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ടായിരുന്നു. പരിശോധനക്കിടെ ടാബ്ലെറ്റ് എടുക്കാനുള്ള ശ്രമം ഇവർ ആദ്യം തടഞ്ഞു. ഷോണിന്റെ മക്കൾ പഠിക്കാൻ ഉപയോഗിക്കുന്ന ടാബ്ലെറ്റുകളാണെന്നും ഇത് കൊണ്ടുപോകാനാകില്ലെന്നും ഇവർ നിലപാടെടുത്തു. എന്നാൽ, പൊലീസ് നിർബന്ധപൂർവം ഇവ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എ.എസ്.ഐ സാജൻ മാത്യു, സി.പി.ഒ സുനിമോൾ, സൈബർ ടീമംഗം മുഹമ്മദ് നെസീബ്, അനൂപ്, രഞ്ജീഷ്, പ്രമോദ് എന്നിവരടങ്ങിയ ഏഴംഗ അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. റവന്യൂ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. റെയ്ഡ് വിവരമറിഞ്ഞ് പി.സി. ജോർജിന്റെ പാർട്ടിയായ ജനപക്ഷത്തിന്റെ നിരവധി പ്രവർത്തകരും വീടിനു മുന്നിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.