മതസ്പര്‍ധ വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ പഠിപ്പിച്ചിട്ടില്ളെന്ന് പീസ് ഇന്‍റര്‍നാഷനല്‍ സ്കൂള്‍ അധികൃതര്‍

കൊച്ചി: തങ്ങളുടെ സ്കൂളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ പഠിപ്പിച്ചെന്ന ആരോപണം തെറ്റാണെന്ന് പീസ് ഇന്‍റര്‍നാഷനല്‍ സ്കൂള്‍ അധികൃതര്‍. പൊതുവിഷയങ്ങളില്‍ സി.ബി.എസ്.ഇ സിലബസ് അനുസരിച്ച് എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. മതപഠനത്തിന് മുംബൈ ആസ്ഥാനമായുള്ള ബുറൂജ് റിയലൈസേഷന്‍ എന്ന വിദ്യാഭ്യാസ സംഘടന തയാറാക്കുന്ന പുസ്തകങ്ങളാണ് ഉപയോഗിക്കുന്നത്. നേരത്തേ ദാറുസ്സലാം പബ്ളിക്കേഷന്‍െറ പുസ്തകങ്ങളാണ് മതപഠനത്തിന് ഉപയോഗിച്ചിരുന്നത്. കുറച്ചുകൂടി സ്വീകാര്യമെന്ന് തോന്നിയതിനാലാണ് രണ്ടുവര്‍ഷം മുമ്പ് ബുറൂജ് റിയലൈസേഷന്‍െറ പുസ്തകങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയത്. ഇവ പൊതുവിപണിയില്‍ ലഭ്യമായ പുസ്തകങ്ങളാണ്.

രണ്ടാം ക്ളാസിലെ മതപഠന പുസ്തകത്തിലെ വിവാദ പാഠഭാഗം, ആ പ്രായത്തിലുള്ള കുട്ടിയുടെ ബൗദ്ധിക നിലവാരത്തിന് അനുയോജ്യമല്ളെന്നുകണ്ട് ഒഴിവാക്കിയതാണ്. ഇക്കാര്യം അധ്യാപകരെയും അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷംതന്നെ ഇക്കാര്യം ശ്രദ്ധയില്‍പെട്ടതിനാല്‍ പ്രസാധകരുമായി ബന്ധപ്പെട്ട് ഈ പാഠഭാഗം ഒഴിവാക്കാന്‍ പറഞ്ഞു. എന്നാല്‍, ഈ വര്‍ഷം പുതിയ പുസ്തകങ്ങള്‍ എത്തിയപ്പോഴും വിവാദ പാഠഭാഗങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ വിവാദമായിമാറിയ രണ്ടാം ക്ളാസിലെ മതപാഠ പുസ്തകം യഥാര്‍ഥത്തില്‍ പൊലീസ് പിടിച്ചെടുത്തതല്ല; പൊലീസിന് തങ്ങള്‍ കൈമാറിയതാണ്. നേരത്തേ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പരിശോധനക്ക് എത്തിയപ്പോഴും ഈ പുസ്തകങ്ങള്‍ നല്‍കിയിരുന്നു.

എന്തെങ്കിലും ഒളിച്ചുവെക്കാനുണ്ടായിരുന്നെങ്കില്‍ തങ്ങള്‍ ഇങ്ങനെ പുസ്തകം കൈമാറുമായിരുന്നില്ല. ഈ പുസ്തകത്തിലെ മറ്റു പാഠഭാഗങ്ങള്‍ മതസൗഹാര്‍ദത്തിന്‍െറ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നവയുമാണ്. എറണാകുളത്തെ പീസ് ഇന്‍റര്‍നാഷനല്‍ സ്കൂളില്‍ ഇപ്പോള്‍ എട്ടാംതരം വരെയാണുള്ളത്. ഒമ്പതാംതരം മുതലാണ് സി.ബി.എസ്.ഇ അംഗീകാരം ലഭിക്കുക. ഇതിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാറിന്‍െറ എന്‍.ഒ.സി ലഭിക്കാനും ശ്രമം നടക്കുന്നുണ്ട്. നിലവില്‍ വിവിധ മതവിഭാഗങ്ങളില്‍പെട്ട  900 കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നുണ്ട്. 78 അധ്യാപകരില്‍ പകുതി മാത്രമാണ് മുസ്ലിംകളുള്ളത്. അറബി ഭാഷ പഠിപ്പിക്കാനാണ് സംസ്ഥാനത്തിന് പുറത്തുനിന്ന് അധ്യാപകരെ നിയമിച്ചിട്ടുള്ളതെന്നും സ്കൂള്‍ നടത്തിപ്പ് ചുമതലയുള്ള പീസ് എജുക്കേഷനല്‍ ഫൗണ്ടേഷന്‍ എം.ഡി എം.എം. അക്ബര്‍ വിശദീകരിച്ചു.

 

Tags:    
News Summary - peace school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.