തൃശൂർ: മനോവൈകല്യമുള്ള അവകാശികൾക്ക് കേന്ദ്ര പെൻഷൻ വിതരണം ചെയ്യാൻ സാങ്കേതിക തടസ്സം സൃഷ്ടിക്കരുതെന്ന് ബാങ്കുകൾക്ക് കേന്ദ്ര പേഴ്സനൽ, പെൻഷൻ മന്ത്രാലയത്തിന്റെ നിർദേശം. പെൻഷൻ വിതരണം ചെയ്യുന്ന എല്ലാ ബാങ്കുകളുടെയും സി.എം.ഡിമാർക്ക് ബുധനാഴ്ച അയച്ച സന്ദേശത്തിലാണ് ഇത്തരം ഗുണഭോക്താക്കളുടെ രക്ഷാകർതൃത്വം സംബന്ധിച്ച് തടസ്സങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ ആവശ്യപ്പെട്ടത്.
കേന്ദ്ര സർക്കാർ പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും മനോവൈകല്യമുള്ള ആൺമക്കൾക്കും പെൺമക്കൾക്കും സെൻട്രൽ സിവിൽ സർവിസസ് (പെൻഷൻ) റൂൾസ് പ്രകാരം 25 വയസ്സിന് ശേഷവും കുടുംബ പെൻഷന് അർഹതയുണ്ട്. പെൻഷനും കുടുംബ പെൻഷനും കൈപ്പറ്റുന്നവർക്ക് തങ്ങളുടെ കാലശേഷം മനോവൈകല്യമുള്ള മക്കൾക്ക് പെൻഷൻ ലഭിക്കാൻ ഒരു നോമിനിയെ ചുമതലപ്പെടുത്താം. ഇത്തരത്തിൽ ആരെയെങ്കിലും ചുമതലപ്പെടുത്താതെ പെൻഷൻകാരോ കുടുംബ പെൻഷൻ വാങ്ങുന്നവരോ മരിച്ചാൽ 1999ലെ നാഷനൽ ട്രസ്റ്റ് ആക്ട് പ്രകാരം ഒരു പ്രാദേശിക സമിതിക്ക് ഒരാളെ രക്ഷാകർതൃത്വം ഏൽപ്പിക്കാം. ഈ പ്രാദേശിക സമിതി തദ്ദേശഭരണ സ്ഥാപനമോ മറ്റോ ആവാം.
എന്നാൽ, പല ബാങ്കുകളും ഇത്തരം നോമിനികൾ മുഖേന പെൻഷൻ നൽകാൻ വിസമ്മതിക്കുകയും കോടതിയിൽനിന്നുള്ള രക്ഷാകർതൃത്വ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർബന്ധിക്കുന്നതായി ശ്രദ്ധയിൽപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് പേഴ്സനൽ മന്ത്രാലയത്തിന്റെ കത്തിൽ പറയുന്നു. ഇത്തരം നിബന്ധന നാമനിർദേശം ചെയ്യാനുള്ള സംവിധാനത്തിന് വിരുദ്ധവും സെൻട്രൽ സിവിൽ സർവിസസ് പെൻഷൻ നിയമത്തിന്റെ ലംഘനവുമാണെന്നും കത്തിൽ ചൂണ്ടിക്കാണിച്ചു. ഇനി കോടതിയിൽനിന്നുള്ള രക്ഷാകർതൃത്വ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെടരുതെന്നും പെൻഷൻ വിതരണം ചെയ്യുന്ന എല്ലാ ബാങ്ക് ശാഖകൾക്കും നിർദേശം നൽകണമെന്നും കേന്ദ്ര മന്ത്രാലയം ബാങ്ക് സി.എം.ഡിമാരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.