തിരുവനന്തപുരം: ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായി (ബി.എഫ്.ഒ) 2014ന് മുമ്പ് നിയമനം ലഭിച്ചവരും സെക്ഷൻ ഫോറസ്റ്റ് ഓഫിസർ (എസ്.എഫ്.ഒ) ഉദ്യോഗക്കയറ്റത്തിന് വകുപ്പുതല പരീക്ഷ പാസാകണമെന്ന ഹൈകോടതി ഉത്തരവ് വന്നതോടെ അയോഗ്യരുടെ കണക്കെടുത്ത് വനംവകുപ്പ്.
ആകെയുള്ള 947 പേരിൽ 284 പേർ നിർബന്ധിത വകുപ്പുതല പരീക്ഷകൾ പാസാകാതെയാണ് ഈ തസ്തികയിൽ ജോലിചെയ്യുന്നതെന്ന് വനംവകുപ്പിന്റെ ഭരണ വിഭാഗം റിപ്പോർട്ട് ചെയ്തു. സതേൺ സർക്കിളിൽ 66 പേരും ഹൈറേഞ്ചിൽ 60 പേരും സെൻട്രലിൽ 28 പേരും ഈസ്റ്റേണിൽ 50 പേരും നോർത്തേൺ സർക്കിളിൽ 80 പേരുമാണ് ചട്ടവിരുദ്ധമായി ജോലിചെയ്യുന്നത്.
ഇവർക്ക് ഡിസംബർ 31ന് മുമ്പ് നോട്ടീസ് നൽകി നിയമാനുസൃത നടപടി സ്വീകരിക്കണമെന്ന് അഞ്ച് സർക്കിൾ കൺസർവേറ്റർമാർക്കും വനംവകുപ്പിന്റെ ഭരണവിഭാഗം നിർദേശം നൽകി. നടപടി ക്രമത്തിന്റെ ഭാഗമായി സ്ഥാനക്കയറ്റം നേടിയവർ തരംതാഴ്ത്തപ്പെടാനാണ് സാധ്യത.
സ്ഥാനക്കയറ്റത്തോടെ വാങ്ങിയ അധിക ശമ്പളവും സർക്കാറിലേക്ക് മടക്കേണ്ടിയുംവരും. ഹൈകോടതിയും കേരള അഡിമിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും നിർബന്ധമാക്കിയ യോഗ്യത മാനദണ്ഡങ്ങൾ അപ്പാടെ അവഗണിച്ചാണ് ഇത്രയുംപേർ സെക്ഷൻ ഫോറസ്റ്റ് തസ്തികയിൽ തുടരുന്നത്.
ഇപ്പോൾ വനംവകുപ്പ് പുറത്തിറക്കിയ വനനിയമ ഭേദഗതി പ്രകാരം കൃത്യനിർവഹണത്തിൽ തടസ്സം നിൽക്കുന്ന ആരെയും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിലെടുക്കാനും ഇവർക്കുകൂടി അധികാരം കൈവരുമെന്നതാണ് മറ്റൊരു വസ്തുത. ഇത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും ആക്ഷേപമുണ്ട്.
ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിൽനിന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ കേരള ഫോറസ്റ്റ് ആക്ട് ആൻഡ് റൂൾസ്, ഫോറസ്റ്റ് കോഡ്, മാന്വൽ ഓഫ് ഓഫിസ് പ്രൊസീജ്വർ എന്നീ മൂന്ന് പരീക്ഷകൾ പാസാവുകയും ഒമ്പത് മാസത്തെ പരിശീലനം പൂർത്തിയാക്കുകയും വേണം.
ഇതൊന്നും ഇവർ പൂറത്തിയാക്കിയിട്ടില്ലെന്നും ബോധ്യമായിട്ടുണ്ട്. സർവിസ് കാലയളവിനുള്ളിൽ ഈ യോഗ്യതകൾ നേടാൻ നിരവധി അവസരങ്ങൾ നൽകിയെങ്കിലും അത് പാലിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ 50 വയസ്സ് തികഞ്ഞെന്ന വാദമുയർത്തി യോഗ്യത നേടാതെ തന്നെ ഡെപ്യൂട്ടി റേഞ്ചർ, റേഞ്ച് ഓഫിസർ തസ്തികയിലെത്തുകയും ഉയർന്ന പെൻഷനോടെ വിരമിക്കുകയും ചെയ്തിട്ടുള്ളവരുമുണ്ട്.
എന്നാൽ വകുപ്പുതല പരീക്ഷയും പരിശീലനവും പൂർത്തിയാക്കി ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായി ജോലിചെയ്യുന്നവർക്ക് വർഷങ്ങളായി സ്ഥാനക്കയറ്റം നിഷേധിക്കപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.