കോഴിക്കോട്: കുറ്റ്യാടി മണ്ഡലത്തിൽ സി.പി.എം പ്രവർത്തകരുടെ പ്രതിഷേധങ്ങൾക്ക് വഴങ്ങി കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എൽ.ഡി.എഫ് സ്ഥാനാർഥി. മണ്ഡലം കേരള കോൺഗ്രസ് എമ്മിന് നൽകിയ നടപടിക്കെതിരെ പാർട്ടി നേതൃത്വത്തിനെതിരെ അണികൾ നടത്തിയ രൂക്ഷമായ പ്രതിഷേധമാണ് പുനർവിചിന്തനത്തിന് സി.പി.എമ്മിനെ പ്രേരിപ്പിച്ചത്.
തിങ്കളാഴ്ച രാവിലെ ജില്ല ഓഫിസിൽ ചേർന്ന അടിയന്തര സെക്രേട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറുമാണ് കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ.
ആദ്യം പ്രതിഷേധങ്ങൾക്ക് വഴങ്ങില്ലെന്ന് പറഞ്ഞ പാർട്ടി നേതൃത്വം പിന്നീട് അയയുകയായിരുന്നു. സീറ്റ് സി.പി.എം നിലനിർത്തി കുഞ്ഞമ്മദ്കുട്ടി മാസ്റ്ററെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു പ്രവർത്തകരുടെ ആവശ്യം. മണ്ഡലത്തിലെ വികാരം മനസ്സിലാക്കിയ കേരള കോൺഗ്രസാവട്ടെ, മത്സരിക്കുന്നത് പന്തിയല്ലെന്നുകണ്ട് തന്ത്രപൂർവം പിൻവാങ്ങി. അതേസമയം, സീറ്റ് ഏറ്റെടുത്ത സി.പി.എമ്മാകട്ടെ ഒരുകാരണവശാലും കുഞ്ഞമ്മദ്കുട്ടി മാസ്റ്ററെ സ്ഥാനാർഥിയാക്കില്ലെന്ന വാശിയിലായിരുന്നു.
പകരം, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം, ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.ടി. കുഞ്ഞിക്കണ്ണൻ എന്നിവരുടെ പേരുകളാണ് പരിഗണനക്കുവന്നത്. എന്നാൽ, അണികളുടെ വികാരം ശക്തമായതിനാൽ ഒടുവിൽ പാർട്ടി കീഴടങ്ങുകയായിരുന്നു. മണ്ഡലത്തിൽ പാർട്ടി പ്രവർത്തകർ അത്യാഹ്ലാദത്തിലാണെന്ന് കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.