കൊച്ചി: കേരളത്തിലെ റെയിൽവേ വികസനം അട്ടിമറിക്കരുതെന്ന് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ, നിലവിലുള്ള കേരളത്തിന്റെ റെയിൽ വികസനത്തിന് അനിവാര്യമായ റയിൽ ഭൂമി, ചില ഉന്നതരുടെ ഒത്താശയോടെ വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരെ നവംബർ 15 ന് രാവിലെ 11 മണിക്ക് എറണാകുളം റെയിൽവേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് കാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് കൺവീനർ എസ്. രാജീവൻ അറിയിച്ചു.
പ്രതിഷേധ മാർച്ച് ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുക്കും. സംസ്ഥാനത്തെ റെയിൽവെ ഡിവിഷൻ അധികൃതരോട് സിൽവർ ലൈൻ പ്രൊജക്റ്റിന് ആവശ്യമായ റെയിൽവേ ഭൂമികൈമാറ്റ പ്രശ്നം കെ റെയിൽ അധികൃതരുമായി ചർച്ച ചെയ്ത് അടിയന്തിര റിപ്പോർട്ട് നൽകാൻ റെയിൽവേ ബോർഡ് ആവശ്യപ്പെട്ട സാഹചര്യത്തിൽ, എതിർപ്പുകളെ അവഗണിച്ച് സിൽവർ ലൈൻ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളുമായി കേരള സർക്കാർ മുന്നോട്ടുപോകുന്നുവെന്നാണ് വെളിവാകുന്നത്.
സിൽവർ ലൈൻ പദ്ധതി പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുകയില്ലെന്ന് ഇതിനോടകം വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഈ പദ്ധതിക്കു വേണ്ടി ഇൻഡ്യൻ റെയിൽവെയുടെ ഭൂമി പിൻവാതിൽ സമ്മർദ്ദത്തിലൂടെ കൈക്കലാക്കാനള്ള ശ്രമം തുടരുന്നതിന്റെ ഭാഗമായിട്ടാണ് റെയിൽവെ ബോർഡിൽ നിന്നും സംസ്ഥാന ഡിവിഷണൽ റെയിൽ ആസ്ഥാനങ്ങളിലേക്ക് അയച്ച കത്ത്. ഇന്ത്യൻ റെയിൽവെയുടെ വികസനത്തിന് ആവശ്യമായ ഭൂമി യഥാസമയം കൈമാറ്റം ചെയ്യപ്പെടുന്നതിൽ വിമുഖത തുടരുന്ന കേരള സർക്കാർ സിൽവർ ലൈനിന് വേണ്ടി റെയിൽവെയുടെ പക്കൽ വികസനത്തിന് കരുതിവച്ചിട്ടുള്ള പരിമിതമായ ഭൂമി കൂടി തട്ടിയെടുത്ത് കേരളത്തിലെ റെയിൽ വികസനത്തെ ആകമാനം സ്തംഭിപ്പിക്കാനുള്ള നീക്കമാണ് ഇതിന്റെ പിന്നിലെന്ന് കാണാവുന്നതാണ്.
തിരുവനന്തപുരം-കാസർഗോഡ് റെയിൽ റൂട്ടിലായിട്ടുള്ള 120 റെയിൽവേ സ്റ്റേഷനുകളിലെ സാധാരണക്കാരായ യാത്രക്കാരുടെ റെയിൽ സൗകര്യങ്ങൾക്ക് പകരമാണ് കെ റെയിൽ എന്നാണ് അധികൃതർ പ്രചരിപ്പിക്കുന്നത്. കേരളത്തിലെ ചുരുക്കം വരുന്ന വരേണ്യ വർഗ്ഗത്തിന്റെ യാത്രാ ആവശ്യത്തെ മാത്രം ലക്‌ഷ്യം വയ്ക്കുന്നതും, നിലവിലുള്ള , റെയിൽവെ സ്റ്റേഷനുകളുമായി യാതൊരു സാമീപ്യവുമില്ലാത്ത 11 സ്റ്റോപ്പുകൾ മാത്രം ഉള്ള സിൽവർ ലൈൻ നിലവിലെ ലക്ഷണക്കണക്കായ യാത്രക്കാരുടെ യാത്ര ആവശ്യങ്ങൾക്ക് പകരമാണെന്ന വാദമുഖം പരിഹാസ്യമാണ്.
74 ശതമാനം സ്വകാര്യ പങ്കാളിത്ത നിർമിതിക്ക് കരാർ പറഞ്ഞുറപ്പിച്ച പ്രസ്തുത പദ്ധതി കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയെന്ന തെറ്റായ പ്രചരണവും സാധാരണ ജനങ്ങൾ തിരിച്ചറിയണം. സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ ഭൂമി മരവിപ്പിച്ചും, പൊലീസ് മർദനവും കള്ളക്കേസുകളും എടുത്തും കേരളത്തിലെ ഗണ്യമായൊരു ജനവിഭാഗത്തെ പ്രതിസന്ധിയിലാക്കിയിരിക്കേ, വീണ്ടും ഈ പദ്ധതിയുമായി രംഗത്ത് വരുന്നത് എരിതീയിൽ എണ്ണ ഒഴിക്കുന്നതിന് സമാനമായ നടപടിയാണ്. ഒരു പുതിയ റെയിൽ പദ്ധതിക്ക് ആവശ്യമായ അടിസ്ഥാന പഠനങ്ങളിൽ ഒന്നുപോലും ശാസ്ത്രീയമായി നടത്താതെ തട്ടിക്കൂട്ടിയുണ്ടാക്കിയ ഡി.പി.ആറുമായി കേന്ദ്ര റെയിൽ മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുന്ന സിൽവർലൈൻ, വളഞ്ഞ മാർഗങ്ങളിലൂടെ നടപ്പാക്കിയെടുക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ തുടർ സമര പരിപാടികൾ നടത്താനും സമര സമിതി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.