കൊച്ചി: പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്ന ഹരജി മേയ് 22ന് പരിഗണിക്കാൻ മാറ്റി. മണ്ഡലത്തിൽനിന്നുള്ള ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്‍റെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് തൊട്ടടുത്ത എതിർ സ്ഥാനാർഥി സി.പി.എം സ്വതന്ത്രൻ കെ.പി. മുഹമ്മദ് മുസ്‌തഫ നൽകിയ ഹരജിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍റെ പരിഗണനയിലുള്ളത്. മണ്ഡലത്തിലെ 340 പോസ്റ്റൽ വോട്ട് സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ 300ഓളം വോട്ട് തനിക്കു ലഭിക്കേണ്ടതാണെന്നുമാണ് ഹരജിക്കാരന്റെ വാദം. 38 വോട്ടിനാണ് നജീബ് കാന്തപുരം വിജയിച്ചത്.
കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയതായി കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണ സംഘം ജോയന്റ് രജിസ്ട്രാറുടെ ഓഫിസിൽനിന്ന് കണ്ടെത്തി. തുടർന്ന് ഇവ പരിശോധിക്കാൻ കക്ഷികൾക്ക് കോടതി അനുമതി നൽകിയിരുന്നു. ഈ പെട്ടിയും തെരഞ്ഞെടുപ്പ് രേഖകളും പൂട്ടി മുദ്രവെച്ച് ഹൈകോടതിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇവയുടെ പരിശോധനയടക്കം കേസിൽ വാദം കേൾക്കുന്നതിന്റെ ഭാഗമായുണ്ടാകും. രേഖകൾ കാണാതായ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ടും കോടതിയുടെ പരിഗണനക്കെത്തേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.