പെരിയ ഇരട്ടക്കൊല: കൊല്ലേണ്ടത് ആരൊക്കെയെന്നു തീരുമാനിച്ചത് സി.പി.എമ്മാണ്- വി.ഡി സതീശൻ

കൊച്ചി: പെരിയ ഇരട്ടക്കൊലയിൽ കൊല്ലേണ്ടത് ആരൊക്കെയെന്നു തീരുമാനിച്ചത് സി.പി.എം ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കുറ്റകരമായ ഗൂഡാലോചനയാണ് കൊലപാതകത്തിനു പിന്നില്‍ സി.പി.എം നടത്തിയത്.  എങ്ങനെ കൊല്ലണമെന്നും കൊലപാതകത്തിനു ശേഷം പ്രതികളെ എവിടെ ഒളിപ്പിക്കണമെന്നും ഒളിപ്പിച്ചതും തെളിവുകള്‍ നശിപ്പിച്ചതും ആയുധങ്ങള്‍ ഒളിപ്പിച്ചു വച്ചതും സി.പി.എമ്മാണ്. അവരാണ് കേരളം ഭരിക്കുന്നത്.

പ്രതികളെ രക്ഷിക്കുന്നതിനു വേണ്ടി സര്‍ക്കാരാണ് പൊലീസിനെ ദുരുപയോഗം ചെയ്തത്. സി.ബി.ഐ വരാതിരിക്കാന്‍ നികുതി പണത്തില്‍ നിന്നും ഒരു കോടിയോളം രൂപ ചെലവഴിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. രണ്ടു ചെറുപ്പക്കാരെ ഗൂഡാലോചന നടത്തി ക്രൂരമായി കൊല ചെയ്ത് പ്രതികളെ ഒളിപ്പിച്ച് തെളിവുകള്‍ നശിപ്പാക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണല്ലോ ഭരിക്കുന്നതെന്ന് ഓര്‍ത്ത് കേരളം ലജ്ജിച്ച് തല താഴ്ത്തും.

പത്ത് പ്രതികള്‍ കുറ്റക്കാരല്ലെന്നു കണ്ടെത്തിയ വിധിക്കെതിരെ കുടുംബവുമായി ആലോചിച്ച് അപ്പീല്‍ നല്‍കും. കോണ്‍ഗ്രസ് പാര്‍ട്ടിയും ശത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബവും നടത്തിയ പോരാട്ടത്തിന്റെ ധാർമിക വിജയമാണ് കോടതി വിധി. പ്രതികളെ രക്ഷിക്കുന്നതിനു വേണ്ടി പൊതുഖജനാവില്‍ നിന്നും ചെലവഴിച്ച ഒരു കോടിയോളം രൂപ സി.പി.എം സംസ്ഥാന കമ്മിറ്റി സര്‍ക്കാരിലേക്ക് അടയക്കണം.

ക്രൂരമായ ഇരട്ടക്കൊലപാതകം നടന്നിട്ടും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയും പാര്‍ട്ടിയും ജനങ്ങളോട് ക്ഷമാപണം നടത്തണം. ഇത്തരം കൊലപാതകങ്ങള്‍ നമ്മുടെ കേരളത്തില്‍ തുടരാന്‍ പാടില്ല. എന്ത് ക്രൂരത ചെയ്താലും അതിന് കുടപിടിച്ചു കൊടുക്കുന്ന സംവിധാനങ്ങളാണ് നീതിന്യായ വ്യവസ്ഥയും പൊലീസും മാറാന്‍ പാടില്ല. അതിനൊക്കെ എതിരാണ് ഈ കോടതി വിധി.

വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് സി.പി.എം പറഞ്ഞതിലൂടെ ആരാണ് പ്രതികളെ രക്ഷിക്കുന്നതെന്നു വ്യക്തമായി. ക്രിമിനല്‍ കേസില്‍ വാദിയാകേണ്ട സര്‍ക്കാര്‍ തന്നെയാണ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ സന്തോഷിക്കേണ്ടതിനു പകരം ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ അപ്പീല്‍ നല്‍കുമെന്ന് പറയുന്നത് ക്രിമിനലുകളെ പരസ്യമായി സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം എന്ന് ഒന്നു കൂടി പുരപ്പുറത്തു കയറി വിളിച്ചു പറയുകയാണ്.

പൊലീസില്‍ നിന്നും നീതി കിട്ടില്ലെന്നു വ്യക്തമായതോടെയാണ് സി.ബി.ഐ അന്വേഷണം കുടുംബം ആവശ്യപ്പെട്ടത്. പൊലീസ് അന്വേഷണമായിരുന്നെങ്കില്‍ സാക്ഷികള്‍ കൂറുമാറിയേനെ. പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാമെന്ന സന്ദേശമാകും നല്‍കുക. കൊല്ലപ്പെട്ട ചെറുപ്പക്കാര്‍ എന്തു തെറ്റാണ് ചെയ്തത്. എത്ര തവണ പോയാലും കുടുംബാഗങ്ങളെ ആശ്വസിപ്പിക്കാനാകില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.  

Tags:    
News Summary - Periya double murder: CPM decided who to kill - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.