തിരുവനന്തപുരം: കാറുകൾ അടക്കം ട്രാൻസ്പോർട്ട് വാഹനങ്ങളുടെ പെർമിറ്റ് ഫീസ് വർധിപ്പിച്ച് ഗതാഗതവകുപ്പിന്റെ കരട് വിജ്ഞാപനം. കാറുകളുടെ പെർമിറ്റ് ഫീസ് 760 രൂപയിൽനിന്ന് 1000 ആയാണ് വർധിക്കുക.
14 മുതൽ 21 സീറ്റുകൾവരെ കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് 2800 രൂപയായിരുന്നത് 4500 രൂപയായി ഉയരും. 21 സീറ്റിന് മുകളിലുള്ളവയുടേത് 5250 രൂപയായാണ് വർധിപ്പിച്ചത്. 3960 രൂപയാണ് നിലവിൽ. ഇടത്തരം ഗുഡ്സ് വാഹനങ്ങളുടേത് (എൽ.ജി.വി) 1170 രൂപയിൽനിന്ന് 1500 ആയി വർധിക്കും. എൽ.ജി.വിക്ക് മുകളിലുള്ള വാഹനങ്ങൾക്ക് 2250 രൂപയായും. നിലവിൽ ഇത്തരം വാഹനങ്ങൾക്ക് 1870 രൂപയാണ് പെർമിറ്റിനായി നൽകേണ്ടത്.
സ്വകാര്യ ബസുകളുടെ നിലവിലെ പെർമിറ്റ് ഫീസ് 5900 രൂപയാണ്. ഇത് 8250 ആയാണ് വർധിക്കുക. സ്വകാര്യബസുകളുടെ താൽക്കാലിക പെർമിറ്റ് നിരക്കും വർധിപ്പിച്ചിട്ടുണ്ട്. പെർമിറ്റ് ഫീസിന് പുറമേ സർവിസ് ചാർജ് എന്ന പേരിൽ 170 രൂപകൂടി എല്ലാ വിഭാഗം വാഹനങ്ങളും അധികമായി അടയ്ക്കണം. അഞ്ച് വർഷം കൂടുമ്പോഴാണ് വാഹനങ്ങൾ പെർമിറ്റ് പുതുക്കേണ്ടത്. പെർമിറ്റ് ഫീസ് വർധനക്കെതിരെ ബസുടമകൾ രംഗത്തെത്തി.
വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. അതേസമയം ഓട്ടോറിക്ഷകളെ പെർമിറ്റ് വർധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വലിയ പ്രതിഷേധം ഭയന്നാണ് ഓട്ടോറിക്ഷകളെ ഒഴിവാക്കിയത്. ഇതിന് പുറമേ ഓരോ വിഭാഗം ഫാൻസി നമ്പറുകളുടെ ബുക്കിങ് ഫീസും വർധിക്കുമെന്ന് കരട് വിജ്ഞാപനം വ്യക്തമാക്കുന്നു. 3000 മുതലാണ് നിലവിൽ ഫാൻസി നമ്പറുകൾക്ക് ബുക്കിങ് ഫീസ് നിരക്ക്. എന്നാൽ, 3000 രൂപക്ക് ഇനി ഫാൻസി നമ്പർ ബുക്ക് ചെയ്യാനാവില്ല.
5000 രൂപമുതലാണ് ഇത്തരം നമ്പരുകൾക്കുള്ള ബുക്കിങ് തുടങ്ങുക. 10,000 രൂപ, 15,000 രൂപ, 25,000 രൂപ, 50,000 രൂപ, 1 ലക്ഷം രൂപ എന്നിങ്ങനെയാണ് ഓരോ വിഭാഗം നമ്പരുകൾക്കും നിശ്ചയിച്ചിരിക്കുന്ന പുതിയ നിരക്ക്. 15,000 രൂപയുടെ നമ്പരുകൾ മുമ്പുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.