കോഴിക്കോട് : ആദിവാസി മേഖലയിൽ പെസ നിയമം നടപ്പാക്കൽ ഫയൽ ചുവപ്പ് നാടയിൽ. ആദിവാസി മേഖലയിൽ പെസ (പ്രൊവിഷൻസ് ഓഫി ദി പഞ്ചയത്ത് എസ്റ്റൻഷൻ ടു ദി ഷെഡ്യൂഡ് ഏരിയാസ്) നിയമം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗ നിർദേശങ്ങൾ തയാറാക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ഉന്നതതല കമ്മിറ്റിയുടെ യോഗം പോലും കഴിഞ്ഞ മൂന്ന് വർഷമായി ചേർന്നിട്ടില്ലെന്ന് രേഖകൾ.
1996 ലാണ് പാർലന്റെിൽ പെസ നിയമം പാസാക്കിയത്. 2001ൽ കേളത്തിൽ നടപ്പാക്കാമെന്ന് ആദിവാസികൾക്ക് സംസ്ഥാന സർക്കാർ ഉറപ്പും നൽകി. ഏതാണ്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും കേരളം ഇക്കാര്യത്തിൽ പാതി വഴിയിലാണ്. പട്ടികവർഗവകുപ്പിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് നടപടി വൈകുന്നതിന് കാരണം. നിയമം നടപ്പാക്കുന്നതിന് കില സെമിനാർ നടത്തി 2016ൽ കൈപ്പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നു.
പെസ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കുന്നതിന് പട്ടികജാതി പട്ടികവർഗ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ 2017 മെയ് 17ന് ഉന്നതതല സമിതി രൂപീകരിച്ചു. 2017 നവംമ്പർ, 2018 ജൂലൈ, 2019 ഏപ്രിൽ മാസങ്ങളിൽ സമിതി മൂന്ന് യോഗങ്ങൾ ചോർന്നെങ്കിലും കാര്യമായ തീരുമാനങ്ങളൊന്നും എടുത്തില്ല. പിന്നീട് പെസ നിയമം സംബന്ധിച്ച ഫയൽ അങ്ങിയിട്ടില്ല.
നിയമത്തിന് കീഴിൽ കൊണ്ടുവരാൻ ഉദേശിക്കുന്ന പ്രദേശങ്ങൾ, പട്ടിക പ്രദേശങ്ങൾ ആയി രാഷ്ട്രപധിയാണ് പ്രഖ്യാപിക്കേണ്ടത്. അതിന് കേന്ദ്ര ട്രൈബൽ മന്ത്രാലയത്തിന് ലിസ്റ്റ് തയാറാക്കി നൽകേണ്ടത് സംസ്ഥാന സർക്കരാണ്. പട്ടിക പ്രദേശങ്ങൾ ആയി പ്രഖ്യാപിക്കാൻ ഉദേശിക്കുന്ന പ്രദേശങ്ങൾ തെരഞ്ഞെടുക്കുന്നതിനായി, പൊതുവായ മാർഗ നിർദേശങ്ങൾ തയാറാക്കുന്നതിനുവേണ്ടിയാണ് 2017 ൽ ഉന്നത തല കമ്മിറ്റി രൂപീകരിച്ചത്.
ആരോഗ്യം, വിദ്യാഭ്യാസം, മനുഷ്യവിഭവശേഷി എന്നിവയുടെ വികസനത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണെങ്കിലും, ആദിവാസി സമൂഹങ്ങളുടെ വികസനം വളരെ പിന്നിലാണ്. ഇതിനു പരിഹാരമാർഗമെന്ന നിലയിൽ പെസയുടെ പരിരക്ഷകൾ സംസ്ഥാനത്തെ പട്ടികവർഗ ജനതക്ക് ആവശ്യമുണ്ട്. നിയമം പാസാക്കിയാൽ അഞ്ചാം പട്ടിക പ്രദേശത്തിന്റെ നിയന്ത്രണം ആദിവാസി ഗ്രാമസഭകൾക്കായിരിക്കും. ആദിവാസി ജനസൂഹത്തിന്റെ ക്ഷേമ, വികസന പ്രവർത്തനങ്ങൾ പെസയിലൂടെ കൂടുതൽ കാര്യക്ഷമമാക്കുമെന്നതാണ് പെസയുടെ പ്രത്യേകത.
പെസനിയമം നടപ്പാക്കിയാൽ അട്ടപ്പാടിയിൽ അടക്കം ആദിവാസി ഭൂമി അന്യാധീനപ്പെടുന്നത് തടയാനാവും. അവരുടെ പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കി പൊതുവായ സ്വത്തുക്കളുടെ മാനേജ്മെന്റും സംരക്ഷണവും ഗ്രാമീണ വിപണികളുടെ മാനേജ്മെന്റ് ആദിവാസി ഗ്രാമപഞഞ്ചായത്തിന്റെ അധികാരത്തിലാവും.
പരമ്പരാഗത വിശ്വാസത്തിന്റെ സംരക്ഷണം, ആദിവാസി സമൂഹങ്ങളുടെ സംസ്കാരം സംരക്ഷിക്കൽ, പ്രാദേശിക തർക്കങ്ങളുടെ പരിഹാരം, പണമിടപാടിൽ നിയന്ത്രണം തുടങ്ങിയവയെല്ലാം ഗ്രാമസഭക്കാവും. അട്ടപ്പാടിയിലെ പെസ നിയമം നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ മേല്ലെപ്പോക്ക് സഹായം നൽകുന്നത് ആദിവാസി മേഖലയെ ഭൂമാഫിയക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.