കൊച്ചി: സെക്ഷൻ 14 പ്രകാരമുള്ള അധികാരങ്ങൾ വെട്ടിക്കുറച്ച് സംസ്ഥാന സർക്കാർ കൊണ്ടുവന്ന ലോകായുക്ത നിയമ ഭേദഗതിക്കെതിരെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി. അഴിമതി തുടച്ചുനീക്കാൻ കൊണ്ടുവന്ന ലോകായുക്ത നിയമത്തെ നിഷ്പ്രഭമാക്കുന്നതാണ് നിയമഭേദഗതിയെന്നതടക്കം ആരോപിച്ച് എറണാകുളം സ്വദേശി എൻ. പ്രകാശാണ് ഹരജി നൽകിയിരിക്കുന്നത്. ഇതിൽ വിശദീകരണം നൽകാൻ അഡ്വക്കറ്റ് ജനറലിനോട് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഹരജി ജൂൺ 10ന് പരിഗണിക്കും.
നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബില്ലിന് കഴിഞ്ഞമാസം രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. ഇതിലെ 14ാം വകുപ്പ് ജുഡീഷ്യൽ- അർധ ജുഡീഷ്യൽ ഉത്തരവുകളിൽ ഭരണനിർവഹണ സംവിധാനത്തിന് കടന്നുകയറാൻ അധികാരം നൽകുന്നതാണെന്ന് ഹരജിയിൽ പറയുന്നു. അധികാരത്തിലുള്ളവർ അഴിമതി നടത്തിയെന്ന് തെളിഞ്ഞാൽ സ്ഥാനമൊഴിയണമെന്ന് ഉത്തരവിടാൻ നേരത്തേ ലോകായുക്തക്ക് അധികാരമുണ്ടായിരുന്നു. എന്നാൽ, നിയമഭേദഗതി പ്രകാരം മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭക്കും പുനഃപരിശോധിക്കാൻ കഴിയും. ലോകായുക്ത എന്ന നിയമസംവിധാനത്തിന് മുകളിലാണ് ഭരണകർത്താക്കളുടെ സ്ഥാനമെന്നും ഹരജിയിൽ ആരോപിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.