തിരുവനന്തപുരം: ആശുപത്രികളിലെത്തുന്ന രോഗികളിൽനിന്ന് ലഭിക്കുന്ന ചികിത്സ സംബന്ധിച്ച പരാതികളുണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ മെഡിക്കല്‍ ഓംബുഡ്സ്മാനെ നിയമിക്കണമെന്ന് ശിപാര്‍ശ. സംസ്ഥാന തലത്തില്‍ ഓംബുഡ്സ്മാനെ നിയമിക്കുന്നതിനൊപ്പം ജില്ലതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നും ഡോ.ബി. ഇക്ബാല്‍ അധ്യക്ഷനായ സമിതി തയാറാക്കിയ കരട് ആരോഗ്യനയം നിർദേശിക്കുന്നു. രണ്ടാഴ്ചക്കകം കരട് നയം സര്‍ക്കാറിന് സമർപ്പിക്കാനാണ് ആലോചന.
ആശുപത്രികളിലും മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും റഫറല്‍ സംവിധാനം നടപ്പാക്കുകയും ചെയ്താല്‍ മാത്രമേ സര്‍ക്കാര്‍ ആശുപത്രികളിലെയും മെഡിക്കല്‍ കോളജുകളിലെയും തിരക്ക് നിയന്ത്രിക്കാനാവൂ. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെയും ജില്ല ആശുപത്രികളെയും മെഡിക്കല്‍ കോളജുകളെയും ബന്ധിപ്പിച്ച് ആരോഗ്യശൃംഖല സൃഷ്ടിക്കണമെന്നും നയത്തില്‍ ശിപാര്‍ശ ചെയ്യുന്നു.
ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ 10 കിലോമീറ്റര്‍ ഇടവിട്ട് സ്വകാര്യ ആശുപത്രികളെയും ഉള്‍പ്പെടുത്തി ട്രോമാകെയര്‍ സംവിധാനം നടപ്പാക്കണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആധുനിക ചികിത്സ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുകയും അതിനായി പ്രത്യേക ഫണ്ട് വകയിരുത്തുകയും വേണം. ജില്ല ആശുപത്രികളെയും മെഡിക്കല്‍ കോളജുകളെയും പൂര്‍ണമായി റഫറല്‍ ആശുപത്രികളാക്കി മാറ്റണമെന്നും നയത്തില്‍ വ്യക്തമാക്കുന്നു. കൂടുതല്‍ ജീവനക്കാരെ ഈ മേഖലയില്‍ നിയമിക്കണം.
രോഗപ്രതിരോധത്തിനും ആരോഗ്യ വിദ്യാഭ്യാസത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കണം. ജീവിതശൈലീരോഗങ്ങള്‍, കാലാവസ്ഥവ്യതിയാന രോഗങ്ങള്‍ എന്നിവക്കായി പ്രത്യേക വിഭാഗം തുടങ്ങണമെന്നും നയം നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.