സംസ്ഥാന ചലച്ചിത്ര അവാർഡുകൾ റദ്ദാക്കണമെന്ന ഹരജി തള്ളി

കൊച്ചി: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹരജി ഹൈകോടതി തള്ളി. അവാർഡ് നിർണയത്തിൽ സ്വജനപക്ഷപാതമുണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നടത്തിയ ഇടപെടലുകൾ അന്വേഷിക്കാൻ സർക്കാറിനോടും ഡി.ജി.പിയോടും നിർദേശിക്കണമെന്നുമാവശ്യ​പ്പെട്ട്​ ‘ആകാശത്തിന് താഴെ’ സിനിമ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹരജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ തള്ളിയത്​. കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിലാണ് ഹരജിക്കാരൻ ആരോപണങ്ങൾ ഉന്നയിച്ചതെന്ന്​ വ്യക്തമാക്കിയാണ്​ ഉത്തരവ്​.

ഹരജിക്കാരന്‍റെ സിനിമയും സംവിധായകൻ വിനയന്‍റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രവും അവാർഡ് നിർണയത്തിന്​ സമർപ്പിച്ചിരുന്നെങ്കിലും തഴയപ്പെട്ടതായി ഹരജിയിൽ ആരോപിച്ചിരുന്നു. ജൂറിയുടെ തീരുമാനങ്ങളിൽ രഞ്ജിത്ത് ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ വിനയൻ സർക്കാറിന് തെളിവുകൾ സഹിതം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

അക്കാദമി ചെയർമാൻ അവാർഡ് നിർണയത്തിൽ ഇടപെട്ടുവെന്നതിന് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു. അവാർഡ് നിർണയത്തിൽ തന്‍റെ സിനിമക്ക്​ നഷ്ടമുണ്ടായെന്ന് ഹരജിക്കാരൻ പറയുന്നില്ലെന്നും സിംഗിൾ ബെഞ്ച് വിലയിരുത്തി. ചലച്ചിത്ര അവാർഡിന് എൻട്രി സമർപ്പിച്ച നിർമാതാവ്​ അവാർഡ് നിർണയത്തിനെതിരെ പരാതി ഉന്നയിച്ചിട്ടില്ലെന്ന്​ സർക്കാർ ചൂണ്ടിക്കാട്ടി. ഹരജിക്കാരന്‍റെ ചിത്രം പ്രാഥമിക വിലയിരുത്തലിൽ മറ്റൊരു സബ് കമ്മിറ്റിയാണ് ഒഴിവാക്കിയത്​. രഞ്ജിത്ത് ഇടപെട്ടിട്ടില്ലെന്നും സർക്കാർ വിശദീകരിച്ചു. തുടർന്ന് ഹരജി പിൻവലിക്കാൻ ഹരജിക്കാരന്​ അനുമതി നൽകിയെങ്കിലും തയാറാകാതിരുന്നതിനെ തുടർന്നാണ്​ തള്ളിയത്​. 

Tags:    
News Summary - Petition seeking cancellation of state film awards rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.