റാന്നി: റാന്നി പെരുമ്പുഴ ബസ്റ്റാൻഡും പരിസരത്തും രാത്രിയിൽ പെട്രോൾ തസ്ക്കരൻ വിലസുന്നു. മോഷ്ടാവിന്‍റെ വീഡിയോ ഒളിക്യാമറയിൽ തെളിഞ്ഞു. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും കള്ളനെ പിടിക്കാൻ കഴിഞ്ഞിട്ടില്ല.
റാന്നിയിലുള്ള കീപ്പനാൽ ലോഡ്ജ്, സ്റ്റാൻഡിന്‍റെ പരിസരം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യുന്ന ബൈക്കുകളിൽ നിന്നാണ് പെട്രോൾ ഊറ്റി എടുക്കുന്നത്. തല മറച്ച് ബർമുഡയും ധരിച്ച് കുപ്പിയും പിടിച്ചുള്ള ഒരു യുവാവിന്‍റെ ചിത്രമാണ് തെളിയുന്നത്.
വാഹനത്തിന്‍റെ വെളിച്ചമോ മനുഷ്യര്യടെയോ കാൽപ്പെരുമാറ്റമോ ഉണ്ടായാൽ കോണിപ്പടിയിലൂടെ മറയുന്ന കാഴ്ചയും കാണാം. സമീപത്ത് സ്ഥാപിച്ചിരിക്കുന്ന ഒളിക്യാമറയിലാണ് മോഷ്ടാവിന്‍റെ ചിത്രം പതിഞ്ഞത്. ചിലപ്പോൾ ഇന്ധനം പൂർണ്ണമായും എടുക്കില്ല. വാഹനത്തിന്‍റെ മൈലേജ് കുറഞ്ഞു തുടങ്ങിയപ്പോളാണ് ഉടമകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്.
ബൈക്കിന്‍റെ ടാങ്കിന്‍റെ അടിയിൽ നിന്ന് കേബിൾ വലിച്ചൂരി ഇന്ധനം കുപ്പിയിലാക്കി കടക്കുകയാണെന്ന് കരുതുന്നു. പെട്രോളിന് 100 രൂപ എത്തിയപ്പോഴാണ് മോഷണം വർധിച്ചത്. ക്യാമറയിൽ ഒരാളുടെ ചിത്രമേ പതിഞ്ഞിട്ടുള്ളു. പിന്നിൽ വൻ സംഘമുള്ളതായി സംശയിക്കുന്നു.
ആരും പരാതി നൽകാത്തതിനാൽ പൊലീസ് ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടില്ല. റാന്നി സ്റ്റാൻഡിനു സമീപം രാത്രി കാലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനത്തിൽ നിന്ന് പെട്രോൾ മോഷ്ടിക്കുന്നവരെ പിടികൂടാൻ പോലീസ് ജാഗ്രത കാണിക്കണമെന്നാവശ്യം ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.