പി.എഫ്.ഐ ചാപ്പ: സംഘ് പരിവാർ ബന്ധം അന്വേഷിക്കണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കൊല്ലം കടയ്ക്കലിൽ സൈനിക​െൻറ ശരീരത്തിൽ പി.എഫ്.ഐ എന്ന് ചാപ്പ കുത്തി സാമുദായിക ധ്രുവീകരണവും കലാപവും സൃഷ്ടിക്കാനുള്ള നീക്കത്തിന് പിറകിലെ സംഘ് പരിവാർ ബന്ധത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു.

പ്രശസ്തി ആഗ്രഹിച്ചാണ് ഇത് നടത്തിയതെന്ന ഷൈനിന്റെ വാദം ഒട്ടും വിശ്വാസയോഗ്യമല്ല. സമുദായ ധ്രുവീകരണവും അത് വഴിയുള്ള കലാപവുമാണ് യഥാർത്ഥ ലക്ഷ്യം. ആർ.എസ്.എസ് - ബി.ജെ.പി തുടങ്ങിയ സംഘ്പരിവാർ സംഘടനകളുടെ നേതാക്കളുടെ നിർദേശ പ്രകാരമാണോ ഇത്തരം സംഭവങ്ങൾ കേരളത്തിൽ അരങ്ങേറുന്നത് എന്നറിയാൻ കൂടുതൽ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്‌.

തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ കലാപാന്തരീക്ഷം സൃഷ്ടിക്കേണ്ടത് സംഘ്പരിവാറിന്റെ ആവശ്യമാണ്. അടിക്കടി ഉണ്ടായ ട്രെയിൻ തീവെപ്പ് സംഭവങ്ങളുടെ പുറകിലെ ഗൂഢാലോചന കണ്ടെത്താൻ പൊലീസിന് ഇതുവരെയും സാധിക്കാത്തത് വലിയ വീഴ്ചയാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ആർ.എസ്.എസിന്റെയും ബി.ജെ.പി യുടെയും ദേശീയ നേതാക്കൾ കേരളം സന്ദർശിക്കുന്നത് വർധിച്ചിട്ടുണ്ട്. സംഘടന പ്രവർത്തനം എന്ന പേരിൽ നടക്കുന്ന സന്ദർശനങ്ങളും ഇത്തരം സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നതും അന്വേഷണ പരിധിയിൽ വരണം. സംഘ്പരിവാറിന്റെ ധ്രുവീകരണ നീക്കങ്ങൾക്കെതിരിൽ കേരളീയ സമൂഹം വലിയ ജാഗ്രത പുലർത്തണമെന്നും സംസ്ഥാന സർക്കാരും പോലീസ് സംവിധാനവും കേരളത്തിലെ ബി.ജെ.പി ഇതര പക്ഷത്തുള്ള മുഴുവൻ രാഷ്ട്രീയ പാർട്ടികളും മത - സമുദായ സംഘടനകളും സാഹിത്യ - സാംസ്കാരിക പ്രവർത്തകരും സിവിൽ മൂവ്മെന്റുകളും എല്ലാം ഈ വിഷയത്തിൽ ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - PFI Chapa: Sangh Parivar connection should be investigated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.