തൃശൂർ: ജൻ ഔഷധിക്ക് ബദലായി ഔഷധ വ്യാപാര വിതരണ സംഘടനയായ ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എ.കെ.സി.ഡി.എ) മരുന്നു നിർമാണ വിതരണ മേഖലയിലേക്ക്. നവംബർ ഒന്നു മുതൽ 'കൈനോ ഫാം' എന്ന ബ്രാൻഡിൽ 10 മരുന്നുകൾ കുറഞ്ഞ വിലയിൽ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് സംഘടന.
ജൻ ഔഷധിയുടെ വരവോടെ ഇടിഞ്ഞ വ്യാപാരം തിരികെ കൊണ്ടുവരികയാണ് ലക്ഷ്യം. കേരളത്തിൽ പ്രതിവർഷം 12,000 കോടിയുടെ മരുന്നുവ്യാപാരമുണ്ട്്. ഉൽപാദനം 100 കോടിയുടെയും. ബാക്കി ഉത്തരേന്ത്യയിൽ നിന്നാണ്. കമ്പനിയുമായി ബന്ധപ്പെട്ട ഉൽപാദന-വിതരണ അംഗീകാരപത്രങ്ങളുടെ നടപടി പൂർത്തിയായെന്ന് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും കൈനോഫാം ഡയറക്ടറുമായ രാജേഷ് ആറ്റമ്പിള്ളി അറിയിച്ചു. പാരസെറ്റമോൾ 650, 'കൈനോപാർ 650' എന്ന ബ്രാൻഡിലായിരിക്കും വിൽപന.
വയറുവേദനക്കുള്ള ഒമപ്രസോൾ 'കൈനേസ്' എന്ന പേരിലും ഹാൻഡ് സാനിറ്റൈസർ 'സാനിടാസ്' എന്ന പേരിലും ഇറക്കും. ഡെറ്റോളിന് പകരം 'കൈനോ ഡെറ്റ്' നിർമാണത്തിന് ലൈസൻസ് ഉടൻ ലഭ്യമാകും.
എല്ലാ മെഡിക്കൽ ഷോപ്പുകളിലും കൈനോ ഫാം കൗണ്ടറുകളുണ്ടാകും. എ.കെ.സി.ഡി.എ പ്രസിഡൻറ് എ.എൻ. മോഹനാണ് കമ്പനി ചെയർമാനും എം.ഡിയും. മുൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർ രവി എസ്. മേനോനും ഡയറക്ടറാണ്.
എ.കെ.സി.ഡി.എയുടെ എറണാകുളത്തെ കെമിസ്റ്റ്സ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് ആൻഡ് റിസർച്ചിെൻറ അഞ്ചേക്കറിൽ രണ്ട് ഏക്കർ ഏറ്റെടുത്ത് ഫാക്ടറിക്ക് നടപടി തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.