കണ്ണൂര്‍: പുറത്തുവിട്ട ഫോൺ സംഭാഷണത്തിൽ കൃത്രിമത്വം നടത്തിയിട്ടുണ്ടോ എന്ന വിഷയത്തിൽ ഏതുവിധത്തിലുളള അന്വേഷണത്തിനും തയാറാണെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാവ് പ്രസീത. പുറത്തുവന്ന ശബ്ദരേഖ ഒരുവിധത്തിലും എഡിറ്റ് ചെയ്തിട്ടില്ല. ശബ്ദരേഖ കൃത്രിമമായി ഉണ്ടാക്കിയതാണോ എന്ന് ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നും പ്രസീത പറഞ്ഞു.
തിരുവനന്തപുരത്ത് വെച്ചാണ് കെ. സുരേന്ദ്രൻ സി.കെ. ജാനുവിന് പണം കൈമാറിയത്. അതിനു മുന്‍പ് കെ. സുരേന്ദ്രന്‍ തന്നെ ഇങ്ങോട്ട് വിളിച്ചിരുന്നു. ഇക്കാര്യങ്ങളൊക്കെ പരിശോധിക്കാവുന്നതാണ്. പണം കിട്ടിയിട്ടുണ്ടെന്ന് സി.കെ ജാനു സമ്മതിച്ചിട്ടുണ്ട്. കാട്ടിക്കുളത്തും കല്‍പ്പറ്റയിലും ജാനു നടത്തിയ ഇടപാടുകള്‍ പരിശോധിച്ചാല്‍ പണം ഉപയോഗിച്ച് എന്താണ് ചെയ്‌തെന്ന് വ്യക്തമാകും. അന്വേഷണ ഏജൻസികൾക്ക് ഇതെല്ലാം പരിശോധിക്കാമല്ലോ എന്നും പ്രസീത ചോദിച്ചു.
കഴിഞ്ഞ ദിവസം ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാവ് പ്രസീത, കെ. സുരേന്ദ്രൻ സി.കെ ജാനുവിന് 10 ലക്ഷം രൂപ നൽകിയെന്ന് ആരോപണം ഉന്നയിച്ചിരുന്നു. തെളിവിനായി പ്രസീതയും കെ. സുരേന്ദ്രനും പണമിടപാടിനെക്കുറിച്ച് പറയുന്ന ഫോൺ സംഭാഷണവും പുറത്തുവിട്ടിരുന്നു. എന്നാൽ ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ സി.കെ. ജാനുവിന് പണം നൽകിയില്ലെന്നാണ് കെ. സുരേന്ദ്രൻ പറഞ്ഞത്.
സുല്‍ത്താന്‍ ബത്തേരിയിലെ എൻ.ഡി.എ സ്ഥാനാർഥി ആയിരുന്ന സികെ. ജാനുവിന് പണം കൊടുത്തിട്ടില്ലെന്നും ശബ്ദരേഖ എഡിറ്റ് ചെയ്തതാകാമെന്നുമായിരുന്നു സുരേന്ദ്രന്‍റെ വാദം. ഇതിനെതിരെയാണ് പ്രസീത രംഗത്ത് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.