മലപ്പുറം: മയക്കുമരുന്ന് പിടികൂടാൻ രൂപവത്കരിച്ച പൊലീസ് വിഭാഗമായ ഡാൻസാഫ് സംഘം ലഹരി സംഘാംഗത്തോട് മയക്കുമരുന്ന് എത്തിക്കാൻ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്ത്. ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് മലപ്പുറത്ത് എത്തിക്കുന്നതിനെക്കുറിച്ചാണ് സംഭാഷണം.
പൊലീസും മയക്കുമരുന്ന് സംഘവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കഴിഞ്ഞദിവസം പി.വി. അൻവർ എം.എൽ.എ ആരോപണമുന്നയിച്ചതിനു പിന്നാലെയാണ് അത് ശരിവെക്കുന്ന തരത്തിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നത്. പൊലീസ് വാഹനത്തിന്റെ ബോർഡും മയക്കുമരുന്ന് സംഘത്തിന് നൽകിയതായി സംഭാഷണത്തിൽ വ്യക്തമാകുന്നു. ‘മീഡിയവൺ’ ചാനലാണ് സംഭാഷണം പുറത്തുവിട്ടത്.
ലഹരിസംഘാംഗം: നമുക്ക് നാളെ പോയാലോ? സാധനം നോക്കി അന്നത്തെപ്പോലെ റൂമിൽ കൊണ്ടുവരാം.
ഡാൻസാഫ് സംഘത്തിലെ പൊലീസുകാരൻ: വയനാട്ടുകാരന്റെയടുത്താണോ? എത്രയാ പറഞ്ഞത്?
സംഘാംഗം: ഞാൻ ഓനോട് ഒരു 40-50 ലെവലാണ് പറഞ്ഞത്.
പൊലീസുകാരൻ: 40-50ന് ഒക്കെ നമ്മൾ ബംഗളൂരുവിൽ മെനക്കെട്ട് പോകൽ നഷ്ടമല്ലേ. എട്ടു മണിക്കൂർ യാത്രചെയ്യണ്ടേ. ഇവൻ വയനാട്ടിൽ എത്തിക്കുമോ?
സംഘാംഗം: ഏറ്റവും നല്ലത് അവിടെ പോകുന്നതാ.
പൊലീസുകാരൻ: നീ എവിടെയെത്തി?
സംഘാംഗം: ഞാൻ നമ്മളെ വണ്ടിയുംകൊണ്ട് വേറെ ഒരിടത്ത് പോയതായിരുന്നു. അവന്റെ വൈഫിന്റെ വീട്ടിലേക്ക് പോയതായിരുന്നു. അതിനകത്താണ് ബോർഡ് കിടക്കുന്നത്. ഞാനിവിടെ എടവണ്ണയിലുണ്ട്.
പൊലീസുകാരൻ: അത് തന്നെ. അതുകൊണ്ടാണ് ഞാൻ നിന്നോട് പറഞ്ഞത് പെട്ടെന്ന് ആ സാധനം ഇങ്ങോട്ട് എത്തിക്കണമെന്ന്. പൊലീസ് ബോർഡാണത്.
സംഘാംഗം: ഇല്ല ഞാനത് ഡിക്കിയിൽ അഴിച്ചുവെച്ചിട്ടുണ്ട്.
ലഹരിസംഘാംഗം: ഞമ്മളെ ഒരു തുണക്കാരൻ ഗൾഫിൽനിന്ന് സാധനം കൊണ്ടുവന്നിട്ടുണ്ട്. ഓഫിസിലേക്ക് കൊണ്ടുവരട്ടെ. കുഴപ്പമില്ലല്ലോ?
പൊലീസുകാരൻ: വേണ്ടട. നീ ഇവിടത്തെ പ്രതിയല്ലേ. നിന്നെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ് ഭയങ്കര ജഗപൊഗയാ. അതിനിടക്ക് നീ സ്റ്റേഷനിലേക്ക് വരണ്ട.
സംഘാംഗം: എന്നാൽ, നിങ്ങൾ ഇത് പുറത്തുനിന്ന് വാങ്ങുമോ പ്ലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.