ശബരിമല: പമ്പ - സന്നിധാനം ശരണപാതയിലെ മരക്കൂട്ടത്ത് തിക്കിലും തിരക്കിലുംപെട്ട നിരവധി തീർഥാടകർക്കും പൊലീസുകാർക്കും പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ അനുഭവപ്പെട്ട അനിയന്ത്രിതമായ തിരക്കാണ് പ്രശ്നം സൃഷ്ടിച്ചത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ കൊണ്ട് തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ സന്നിധാനത്തുനിന്നും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ അടിയന്തരമായി മരക്കൂട്ടത്ത് എത്തിച്ചു.
ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തീർഥാടകനുമായി സന്നിധാനം ആശുപത്രിയിൽനിന്നും പമ്പയിലേക്ക് പോയ ആംബുലൻസ് മരക്കൂട്ടത്ത് എത്തിയതോടെ കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു. ആംബുലൻസിന് കടന്നുപോകാൻ മരക്കൂട്ടത്ത് തീർഥാടകരെ തടഞ്ഞുനിർത്തിയ വടം പൊലീസ് അഴിച്ചുനീക്കി.
ഇതോടെ തീർഥാടകർ കൂട്ടത്തോടെ ചന്ദ്രാനന്ദൻ റോഡിലേക്കടക്കം ഇരച്ചുകയറി. ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് നിലത്ത് വീണും മറ്റും തീർഥാടകർക്കും പൊലീസുകാർക്കും പരിക്കേറ്റത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് എത്തുന്ന തീർഥാടകരെ ചന്ദ്രാനന്ദൻ റോഡ് വഴിയാണ് മുൻവർഷങ്ങളിൽ അടക്കം സന്നിധാനത്തേക്ക് കടത്തിവിട്ടിരുന്നത്.
എന്നാൽ, തീർഥാടകർക്ക് ഓൺലൈൻ മുഖേനയോ തൽസമയമോ ബുക്കിങ് നിർബന്ധമാക്കിയതോടെ ദർശനത്തിന് എത്തുന്ന മുഴുവൻ പേരെയും ശരംകുത്തി വഴിയാണ് ഇപ്പോൾ കടത്തിവിടുന്നത്. ഇതാണ് ശരണപാതയിലും സന്നിധാനത്തും അടക്കം തിരക്കും വർധിക്കാൻ ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.