‘പിണറായി മുഖ്യമന്ത്രിയായത് സ്വന്തം നിലയിലല്ല; സർക്കാറിനെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരായ വിപ്ലവം’

തിരുവനന്തപുരം: അഴിമതിക്കും അക്രമത്തിനും എതിരെ നിൽക്കുന്ന സർക്കാറിനെ തകർക്കാൻ ശ്രമിക്കുന്ന ലോബിക്കെതിരായ വിപ്ലവമാണിതെന്ന് പി.വി. അൻവർ എം.എൽ.എ. എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ചുമതലയിൽ തുടരവെ എങ്ങനെ നിക്ഷ്പക്ഷ അന്വേഷണം നടക്കുമെന്ന മാധ്യമങ്ങളുടെ ചോദ്യം തന്നയാണ് തനിക്കും ചോദിക്കാനുള്ളത്. അതിന് പരിഹാരം വേണമെന്നും അൻവർ വ്യക്തമാക്കി.

ഹെഡ്മാസ്റ്ററെ കുറിച്ച് പരാതി നൽകിയാൽ അദ്ദേഹത്തിന് കീഴിലുള്ള അധ്യാപകരും പ്യൂണും അല്ല അന്വേഷിക്കുക. ഹെഡ്മാസ്റ്ററെ കുറിച്ച് അന്വേഷിക്കുന്നത് പ്യൂൺ ആകരുത്. അങ്ങനെ ഉണ്ടായാൽ അതിന്‍റെ ഉത്തരവാദിത്തം പാർട്ടിക്കും സർക്കാറിനും ഉണ്ടാകുമെന്നും അൻവർ ചൂണ്ടിക്കാട്ടി.

ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ല. വിശ്വസിച്ച് ഏൽപ്പിച്ചവർ അത് നിറവേറ്റിയില്ല. വിശ്വസിച്ച് ഏൽപ്പിച്ചൻ എപ്പോഴും ചതിക്കാം. ചതിച്ചവർക്കാണ് അതിന്‍റെ ഉത്തരവാദിത്തമെന്നും അൻവർ പറഞ്ഞു.

എന്തിന് പൊലീസ് നിരന്തരം ജനങ്ങളെ വെറുപ്പിക്കുന്നു. എന്താണ് ഇതിന് കാരണം. എന്തിന് തൃശൂർ പൂരം കലക്കുന്നു. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി അവങ്കോലപ്പെടുത്തിയവർ അക്രമികളാണെന്ന് പറഞ്ഞതിന് പിന്നാലെ സഖാക്കൾക്കെതിരെ എന്തിന് കേസ് എടുക്കുന്നു. ഇത്തരത്തിലുള്ള വൃത്തിക്കെട്ട പൊലീസിനെതിരായ അന്വേഷണമാണ് താൻ നടത്തിയത്. താൻ മുന്നോട്ടു പോവുക തന്നെ ചെയ്യുമെന്നും അൻവർ വ്യക്തമാക്കി.

താൻ കീഴടങ്ങിയിട്ടില്ല, ദൈവത്തിനും പാർട്ടിക്കും മാത്രമേ കീഴടങ്ങൂ. ഈ ലോകത്തിലെ ജനം മുഴുവൻ ഒരുമിച്ച് നിന്നിട്ട് തന്നെ കീഴടക്കാൻ കഴിയുമെന്ന് വിചാരിക്കേണ്ട.

പിണറായി വിജയൻ മുഖ്യമന്ത്രിയായത് സ്വന്തം നിലയിലല്ലെന്നും പാർട്ടിയാണ് മുഖ്യമന്ത്രിയാക്കിയതെന്നും അൻവർ ചൂണ്ടിക്കാട്ടി. തനിക്ക് മുഖ്യമന്ത്രിയോടും പാർട്ടിയോടും പ്രതിബദ്ധതയുണ്ടെന്നും പി.വി. അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Pinarayi did not become the Chief Minister on his own -PV Anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.