രണ്ടാം പിണറായി സർക്കാറിന്‍റെ ഒന്നാം വാർഷികാഘോഷ സമാപനത്തോടനുബന്ധിച്ച് സർക്കാറിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുന്നു

ഈ വർഷം മൂന്നു ലക്ഷം തൊഴിൽ; രണ്ടാം പിണറായി സർക്കാറിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ വഴി മൂന്നുലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി വിജയൻ സർക്കാറിന്‍റെ ഒന്നാം വാർഷിക സമാപനവും പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പരമ ദരിദ്രരെ ആ അവസ്ഥയിൽനിന്ന് മോചിപ്പിക്കാനുള്ള പ്രവർത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 1510 ഹെൽത്ത് ആൻഡ് വെൽനസ് സെന്‍ററുകൾ ആരംഭിക്കും. ഇ-ഹെൽത്ത് പദ്ധതി 160 ആശുപത്രികളിലേക്കുകൂടി വ്യാപിപ്പിക്കും. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബായി മാറ്റും. തലസ്ഥാനത്തിന്‍റെ മുഖച്ഛായ മാറ്റുന്ന ഔട്ടർ റിങ് റോഡ് പദ്ധതിയുടെ ടെൻഡർ നടപടി നവംബറിൽ പൂർത്തീകരിച്ച് നിർമാണ പ്രവൃത്തികൾ ആരംഭിക്കും.

പുതുവൈപ്പിൻ എൽ.പി.ജി ടെർമിനൽ ഡിസംബറിൽ കമീഷൻ ചെയ്യും. വാട്ടർ മെട്രോ പൂർത്തിയാകുന്നതോടെ, എറണാകുളത്തെ എട്ട് ബോട്ട് ജെട്ടികളെ ബന്ധിപ്പിച്ച് 10 ബോട്ട് സർവിസ് ആരംഭിക്കും. ചെല്ലാനത്ത് 346 കോടിയുടെ കടൽഭിത്തി നിർമാണം ഒരു വർഷം കൊണ്ട് പൂർത്തീകരിക്കും. കോഫി, റൈസ്, സ്പൈസസ്, ഫുഡ് പാർക്കുകൾ ഉടൻ സജ്ജമാക്കും. മുഴുപ്പിലങ്ങാട് ബീച്ചിന്‍റെ ക്യാരക്ടർ ഒന്നിൽ 61 കോടി രൂപയുടെ പ്രവൃത്തികൾ ആരംഭിക്കും. അടുത്ത ഒരു വർഷത്തിനുള്ളിൽ 125 കി.മീ. ദേശീയപാത വികസനം പൂർത്തീകരിക്കും. തിരുവനന്തപുരം ഉൾപ്പെടെ നഗരങ്ങളിൽ സിറ്റി ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാറിന്‍റെ പൗരത്വ നിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മതാടിസ്ഥാനത്തിലല്ല ജനങ്ങളുടെ പൗരത്വം നിർണയിക്കേണ്ടതെന്ന നിലപാട് എൽ.ഡി.എഫ് സർക്കാർ തുടക്കത്തിൽ തന്നെ തുറന്നുപറഞ്ഞിട്ടുള്ളതാണ്. വലതുപക്ഷ അജണ്ടക്ക് കൃത്യമായ ബദലുണ്ടെന്ന് കേരളത്തിന് തെളിയിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Pinarayi government has released a progress report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.