കഴിക്കാനുള്ളവപോലും ഉദ്പാദിപ്പിക്കാത്ത സംസ്ഥാനമായി കേരളം മാറിയെന്നും പിണറായി സര്‍ക്കാറിന്റേത് തുഗ്ലക് പരിഷ്‌കാരങ്ങളെന്നും കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജെ. ആറ്റിങ്ങല്‍ പാര്‍ലെമെന്റ് മണ്ഡലത്തിലെ സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ലോട്ടറിയും മദ്യവും മാത്രമാണ് കേരളത്തിലെ വ്യവസായമെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയത്തിനല്ലാതെ വികസനത്തിനായി ഡൽഹിയില്‍ വരൂ എല്ലാ സഹായവും ഉണ്ടാകും. വ്യവസായത്തിലും കൃഷിയിലും വരുമാനം ഉണ്ടാക്കണം. കേന്ദ്രം പണം നല്‍കാന്‍ തയ്യാറെങ്കിലും പുതിയ പദ്ധതികള്‍ കൊണ്ടുവരാന്‍ കേരള സര്‍ക്കാരിന് താത്പര്യം ഇല്ല. കേരളത്തിലെ ഭൂരിഭാഗം യുവാക്കളും ജോലിക്കായും വിദ്യാഭ്യാസത്തിനായും സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നു. എന്തുകൊണ്ടാണിത് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വ്യവസായ, ബിസിനസ് മേഖലയില്‍ സര്‍ക്കാര്‍ മുഖം തിരിച്ച് നില്‍ക്കുന്നതാണ് തൊഴിലില്ലായ്മക്ക് കാരണം. കേരളം കര്‍ഷകരെ സഹായിക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക പദ്ധതികള്‍ നടപ്പിലാക്കാന്‍ മുഖ്യമന്ത്രിയോടും കൃഷി മന്ത്രിയോടും അപേക്ഷിച്ചു.
വികസനത്തിന് രാഷ്ട്രീയം ഇല്ല. ശബരിമല, ശ്രീനാരായണ ഗുരുവിന്റെയും ശങ്കരാചാര്യരുടെയും ഗ്രാമങ്ങള്‍, നല്ല പ്രകൃതി, എന്നിവയെല്ലാം കാണാന്‍ ഇവിടെ ധാരാളം പേര്‍ എത്തുന്നുണ്ട്. അതിനാല്‍തന്നെ അടിസ്ഥാന വികസനത്തിന് തുക അനുവദിച്ചു. എന്നാല്‍ ഇവിടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ മേല്‍നോട്ടം ഉണ്ടാകുന്നില്ല. ഇക്കാര്യം കേന്ദ്ര ഗതാഗത മന്ത്രിയുടെ യോഗത്തില്‍ തന്നെ വ്യക്തമാക്കിയതാണ്. വര്‍ക്കലയില്‍ ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥലമുണ്ട്. ഈഴവ വിഭാഗത്തിന്റെ മാത്രമല്ല എല്ലാ പിന്നാക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ച സ്വാമിയാണ് ശ്രീനാരായണ ഗുരു. ശിവഗിരിമഠത്തിന്റെ വികസനത്തിനായി മുഖ്യമന്ത്രി യാതൊന്നും ചെയ്യുന്നില്ല. അതെസമയം ശിവഗിരി മഠത്തിന്റെ വികസനത്തിനായി 66.4 കോടി കേന്ദ്രം അനുവദിച്ചു. എന്നാല്‍ പദ്ധതി ഏറ്റെടുത്ത കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് പദ്ധതി പൂര്‍ത്തികരിക്കുന്നില്ല. ഒടുവില്‍ കേന്ദ്രമന്ത്രി അമിത്ഷായുടെ നിര്‍ദ്ദേശത്തില്‍ ഐ.ടി.ഡി.സിക്ക് നിര്‍മ്മാണ ചുമതല നല്‍കി. 12 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ്, ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റ് സന്തോഷ്, ചിറയിന്‍കീഴ് മണ്ഡലം പ്രസിഡന്റ് ഹരി ജി. ശാര്‍ക്കര, മുളയറ രതീഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.