തിരുവനന്തപുരം: ‘നവകേരള’ സൃഷ്ടിക്കുമുന്നിൽ പ്രതിബന്ധമൊന്നുമില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച് പിണറായി വിജയൻ സർക്കാറിെൻറ ഒന്നാം പിറന്നാളാഘോഷത്തിന് പകിട്ടാർന്നതുടക്കം. തലസ്ഥാനനഗരിയിലെ നിശാഗന്ധി ഒാഡിറ്റോറിയത്തിൽ ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി ആയിരം മൺചിരാതുകൾ മിഴിതുറന്നപ്പോൾ സർക്കാറിനത് അഭിമാനനിമിഷം. വേദിയിലും സദസ്സിലുമായി ഒരുക്കിയ ആയിരം മൺചിരാതുകൾക്ക് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, കെ.ടി.ഡി.സി ചെയർമാൻ, ഗായിക രാജലക്ഷ്മി തുടങ്ങി കലാ-സംസ്കാരിക രംഗത്തെ പ്രമുഖരും സമൂഹത്തിെൻറ വിവിധ തുറകളിലുമുള്ളവർ ചേർന്ന് തിരികൊളുത്തി.
ജനകീയ സർക്കാറിെൻറ ഒരുവർഷത്തെ നേട്ടങ്ങളുടെ ദൃശ്യാവിഷ്കാരത്തോടെയാണ് പരിപാടികളുടെ തുടക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബസമേതം നേരത്തേതന്നെ സദസ്സിലെത്തി. പ്രമുഖ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ തീർത്ത സംഗീതസന്ധ്യയും റിഗാറ്റ കൾചറൽ സെൻററിെൻറ നൃത്തശിൽപവും ഉത്സവാന്തരീക്ഷമൊരുക്കി. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ആയിരക്കണക്കിന് പേരെ കൊണ്ട് സദസ്സ് വീർപ്പുമുട്ടി.
സാംസ്കാരിക പരിപാടികൾക്കുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലേക്ക് അടുക്കുേമ്പാൾ തിങ്ങിനിറഞ്ഞ സദസ്സിെൻറ ഹർഷാരവം. പഞ്ചവാദ്യ പശ്ചാത്തലം തീർത്ത അന്തരീക്ഷത്തിൽ ജൂൺ അഞ്ചുവരെ നീളുന്ന വാർഷികാഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. കൽവിളക്കിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ക്ഷണിക്കപ്പെട്ട അതിഥികളും ദീപം തെളിയിച്ചു.
ഒരുവർഷത്തെ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയതിനൊപ്പം പ്രതിപക്ഷത്തിനുനേരെ ആഞ്ഞടിച്ചാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. വാർഷികാഘോഷം ബഹിഷ്കരിച്ച പ്രതിപക്ഷത്തിനുനേർക്കുള്ള ഒളിയമ്പുകൾ പ്രസംഗത്തിലുടനീളമുണ്ടായിരുന്നു. നവകേരളമെന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിന് സർക്കാറിെൻറ മുന്നിൽ ഒന്നുംതടസ്സമല്ലെന്നും ലക്ഷ്യം പൂർത്തീകരിക്കുക തന്നെ ചെയ്യുമെന്നും നിറഞ്ഞ ൈകയടികളോടെ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 14 ജില്ലകളിലും വിവിധ പരിപാടികളാണ് ഒന്നാംവാർഷികത്തിെൻറ ഭാഗമായി സംഘടിപ്പിക്കുന്നത്. ജൂൺ അഞ്ചിന് കോഴിക്കോടാണ് സമാപനചടങ്ങുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.