ആലപ്പുഴ: ബി.ജെ.പി സഹായം ഉറപ്പുകിട്ടാതിരുന്ന യാക്കോബായസഭ തെരഞ്ഞെടുപ്പിൽ പക്ഷംചേർന്ന് പരസ്യ നിലപാടിനില്ലെന്ന് തീരുമാനിച്ചു.
അധികാരത്തിൽ വന്നാൽ പള്ളികൾ ഏറ്റെടുക്കുന്നതിനെതിരെ നിയമം കൊണ്ടുവരാമെന്ന മുഖ്യമന്ത്രിയുടെയും സി.പി.എം നേതൃത്വത്തിെൻറയും വാഗ്ദാനം മുഖവിലയ്ക്കെടുക്കാനാണ് ധാരണ. മറ്റ് സാധ്യതകൾ അടഞ്ഞ പശ്ചാത്തലത്തിലാണ് എൽ.ഡി.എഫ് അനുകൂല നിലപാടിലേക്ക് നീങ്ങുന്നത്.
സെമിത്തേരി ബിൽ പിണറായി സർക്കാർ പാസാക്കിയതോടെ വിശ്വാസികളുടെ മനോഭാവം ഇടത്തേക്ക് ചാഞ്ഞിരുന്നു.
എന്നാൽ, പള്ളികൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്ന വികാരം പുകഞ്ഞു. ഇതോടെയാണ് വിശ്വാസികളുടെ വോട്ട് രാഷ്ട്രീയവോട്ടുബാങ്കാക്കാൻ സഭാനേതൃത്വം തുനിഞ്ഞത്. വിശ്വാസികൾ രാഷ്ട്രീയ താൽപര്യം മാറ്റിവെച്ച് വോട്ട് സഭക്ക് നൽകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്.
ബി.ജെ.പി ധാരണക്ക് ശ്രമം നടന്ന ഘട്ടത്തിലായിരുന്നു ഇത്. ബി.ജെ.പി ഡീൽ രൂപപ്പെടാതെ വന്നതോടെയാണ് ഇടത്തേക്ക് തിരിയുന്നത്. യു.ഡി.എഫ് അനുകൂല നിലപാടെടുത്തതുകൊണ്ട് സഭക്ക് നേട്ടമില്ലെന്നും വിലയിരുത്തി. പിറവത്ത് മാത്രമാകും എൽ.ഡി.എഫ് വിരുദ്ധ നിലപാട്.
മൂവാറ്റുപുഴ, ആലുവ മണ്ഡലങ്ങളിൽ ഇതിനകം എൽ.ഡി.എഫ് സ്ഥാനാർഥികളെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്. പെരുമ്പാവൂരിലും കുന്നത്തുനാട്ടിലും എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് വോട്ട് നൽകാനാണ് നീക്കം.
കോതമംഗലത്ത് സഭാംഗമാണ് യു.ഡി.എഫ് സ്ഥാനാർഥി എന്നിരുന്നിട്ടും പിന്തുണ ഉറപ്പുപറഞ്ഞിട്ടില്ല.
നിലവിലെ എം.എൽ.എ, കോതമംഗലം ചെറിയപള്ളി പൊളിക്കുന്നതടക്കം വിഷയങ്ങളിൽ സഭക്കൊപ്പമാണ് നിന്നത്. യു.ഡി.എഫ് സ്ഥാനാർഥികളായി സഭാംഗങ്ങൾ മത്സരിക്കുന്നിടങ്ങളിൽ എൽ.ഡി.എഫ് അനുകൂല നിലപാട് ഉറപ്പിക്കാൻ മനസ്സാക്ഷി വോട്ടിനും നീക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.