മലപ്പുറം: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. ഭരണ പരാജയം മറച്ചുവെക്കാനാണ് പിണറായി യുപി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതെന്ന് കെ. സുരേന്ദ്രൻ ആക്ഷേപിച്ചു.
യോഗിയുടെ കാൽ കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്ക് ഉള്ളൂ. യോഗി ആദിത്യനാഥിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇപ്പോഴും അദ്ദേഹത്തിന്‍റെ ഓഫീസിലാണ്, ജയിലല്ല. യോഗിയുടെ ഓഫീസ് ഡോളര്‍ കടത്തിയിട്ടില്ല. സ്വന്തം പരാജയം മറച്ചുവയ്ക്കാനാണ് പിണറായി യോഗിയെ ആക്ഷേപിക്കുന്നത്. സുരേന്ദ്രൻ വിമർശിച്ചു.
കേരളത്തില്‍ ഈ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്? 250 രൂപയുടെ കിറ്റ് കൊടുക്കുന്നതോ? കോവിഡിന്‍റെ കാര്യത്തില്‍ പരാജയമാണ് ഈ സര്‍ക്കാര്‍. യോഗിയെ പള്ള് പറയുന്നതിന് മുന്‍പ് പിണറായി വിജയന്‍ സ്വന്തം തെറ്റ് തിരുത്താന്‍ തയ്യാറാകണം. ദയനീയമായി പിണറായി വിജയന്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന് ആരോപിക്കുന്നു.
ഓഫീസിൽ ആരൊക്കെയാണ് തന്നെ കാണാൻ വരുന്നത് എന്ന കാര്യവും മുഖ്യമന്ത്രിക്ക് വ്യക്തതയില്ല. അത്ര നിരുത്തരവാദപരമായാണോ ഓഫീസ് കൈകാര്യം ചെയ്യുന്നത്. കാപട്യത്തിന്റെ പര്യായമായി പിണറായി വിജയൻ മാറിയിരിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാനുള്ള എന്ത് യോഗ്യതയാണ് പിണറായിക്കുള്ളതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ ഔദാര്യത്തിലല്ലേ സി.പി.എം പാര്‍ട്ടിയുടെ ചെലവ് നടക്കുന്നത് പോലും. ഇന്ത്യയിലെല്ലാ സംസ്ഥാനങ്ങളിലും നിങ്ങള്‍ കോണ്‍ഗ്രസിന് കൂടെയല്ലേ എന്നും സുരേന്ദ്രന്‍ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.