സെൻകുമാറിനെ പുനർനിയമിക്കും; വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സെന്‍കുമാറിനെ ഡി.ജി.പിയായി പുനര്‍നിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തിൽ സുപ്രീംകോടതി വിധി അന്തിമമാണ്. വിധി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി നടപടി തുടങ്ങിയെന്നും പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ആരാണ് ഡി.ജി.പിയെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയുമോ എന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയുളള പ്രസംഗത്തില്‍ എം. ഉമ്മര്‍ എം.എല്‍.എ ചോദിച്ചു. സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. സെന്‍കുമാറിന്‍റെ നിയമനം സർക്കാർ മനഃപൂര്‍വം വൈകിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

അടിയന്തര പ്രമേയം അവതരിപ്പിച്ച എം. ഉമ്മറിനെതിരെ രൂക്ഷവിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ഇത്തവണ വളരെ പരിതാപകരമായാണ് ഉമ്മർ വിഷയം അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിന്റെ ഗൗരവമില്ലായ്മയാണ് ഇതിലൂടെ വെളിവാകുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോടതിയില്‍ ഇരിക്കുന്ന വിഷയം സഭയില്‍ ചര്‍ച്ച ചെയ്യുന്നതിന് പരിമിതിയുണ്ട്. സെന്‍കുമാര്‍ കേസിലെ സുപ്രീംകോടതി വിധിയിലെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം മുന്‍ മുഖ്യമന്ത്രിക്കെതിരെയാണെന്ന് പിണറായി വ്യക്തമാക്കി. ജനങ്ങളിലെ അസംതൃപ്തി കണക്കിലെടുത്താണ് സെന്‍കുമാറിനെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. 

അതിനിടെ, ഇപ്പോൾ ആരാണ് ഡി.ജി.പിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോടു ചോദിച്ചെങ്കിലും മുഖ്യമന്ത്രി ഉത്തരം നൽകിയില്ല. ഇതോടെ, ഡി.ജി.പി ആരെന്ന് മുഖ്യമന്ത്രിക്കു പറയാൻ സാധിക്കാത്തതു ലജ്ജാകരമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി.

Tags:    
News Summary - Pinarayi on Senkumar at niyamasabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.