കെ റെയിൽ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റെയിൽ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പദ്ധതിയിൽ സർക്കാർ ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെ റെയിൽ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന പ്രചരണം വസ്തുതാവിരുദ്ധവും അതിശയോക്തിപരവുമാണ്. സിൽവർ ലൈൻ പദ്ധതിയുടെ സവിശേഷത ആവശ്യമായ ഇടങ്ങളിൽ അണ്ടർ പാസുകൾ സ്ഥാപിച്ച് പ്രദേശവാസികൾക്ക് റെയിൽവേ ലൈൻ മുറിച്ചുകടക്കുന്നതിനും നീരൊഴുക്ക് സുഗമമാക്കുന്നതിനും ശാസ്ത്രീയമായ നടപടികൾ സ്വീകരിക്കും.

പരിസ്ഥിതിയെക്കൂടി കണക്കിലെടുത്ത് കൊണ്ടുള്ള നിർമാണമാണ് പദ്ധതിക്കായി വിഭാവനം ചെയ്യുന്നത്. പ്രകൃതി ദുരന്തങ്ങൾ സൃഷ്ടിക്കാത്ത തരത്തിലുള്ള ക്രമീകരണങ്ങൾ ഇതിൻെറ ഭാഗമായി തന്നെ ഉണ്ടാകും.

അതേസമയം, സിൽവർ ലൈൻ ഡി.പി.ആറിൽ പറഞ്ഞത് അബദ്ധപഞ്ചാംഗമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സിൽവർ ലൈൻ നിർമാണത്തിന് പ്രകൃതി വിഭവങ്ങൾ എവിടെ നിന്ന് ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

ഇതിനിടെ, വിവാദമായ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. അഴിമതി വിരുദ്ധ സംവിധാനങ്ങളെ ദുർബലപ്പെടുത്താനുള്ള സർക്കാറിന്‍റെ നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. അഴിമതി തടയാനുള്ള സംസ്ഥാനത്തെ എല്ലാ സംവിധാനങ്ങളും നിയമങ്ങളും സർക്കാർ ഇല്ലാതാക്കുകയാണെന്നും അടിയന്തര പ്രമേയത്തിന് അവതരാണാനുമതി തേടിയ സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

കാലഹരണപ്പെട്ട നിയമം ഭേദഗതി ചെയ്യാൻ നിയമസഭക്ക് അധികാരമുണ്ടെന്ന് നിയമ മന്ത്രി പി. രാജീവ് സഭയെ അറിയിച്ചു. ലോകായുക്ത ഭേദഗതി ബിൽ വരുമ്പോൾ വിഷയം ചർച്ച ചെയ്യാമെന്നും മന്ത്രി വ്യക്തമാക്കി. ഓർഡിനൻസിനെതിരെ അടിയന്തര പ്രമേയത്തിന് പകരം നിരാകരണ പ്രമേയം കൊണ്ടു വരുന്നതാണ് ശരിയായ നടപടിയെന്ന് സ്പീക്കറും ചൂണ്ടിക്കാട്ടി. മന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിക്കുകയും ചെയ്തു.

Tags:    
News Summary - Pinarayi Vijayan about K rail in assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.