കണ്ണൂർ: കോൺഗ്രസ് നേതാവ് കെ.വി. തോമസ് സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കില്ലെന്ന് ചിലർ പ്രഖ്യാപിച്ചിരുന്നെന്നും അദ്ദേഹത്തിന്‍റെ മൂക്ക് ചെത്തിക്കളയുമെന്നെല്ലാം പറയുന്നത് കേട്ടിരുന്നെന്നും എന്നാൽ ഒരു ചുക്കും സംഭവിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ സി.പി.എം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പങ്കെടുക്കുന്നു എന്നത് വളരെ പ്രധാന്യമർഹിക്കുന്ന ഒന്നാണ്. പക്ഷേ, അതിനെക്കാൾ എല്ലാം അപ്പുറമാണ് പ്രഫ. കെ.വി തോമസിനെക്കുറിച്ച് ഉയർത്തിക്കൊണ്ടുവന്ന കാര്യങ്ങൾ. ഞങ്ങൾ കെ.വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസിന്‍റെ പ്രതിനിധിയായാണ്. കോൺഗ്രസ് പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവായി തന്നെയാണ് അദ്ദേഹം ഇതിൽ പങ്കെടുക്കുന്നത്. ചിലർ അദ്ദേഹത്തിന്‍റെ മൂക്ക് ചെത്തിക്കളയുമെന്നെല്ലാം പറയുന്നത് കേട്ടു. പങ്കെടുക്കില്ല എന്ന് ചിലർ അങ്ങ് പ്രഖ്യാപിച്ചു. എന്തോ സംഭവിക്കാൻ പോകുന്നു എന്ന ഉത്കണ്ഠ ചിലർക്ക് ഉണ്ടായിട്ടുണ്ടാകും. എന്നാൽ ഒരു ചുക്കും സംഭവിക്കില്ല എന്ന് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ആ നിലക്ക് തന്നെ കോൺഗ്രസ് നേതാവായി അദ്ദേഹം പങ്കെടുക്കുകയാണ്. ഇനി നാളത്തെ കാര്യം. അതും വലുതൊന്നും സംഭവിക്കാനില്ല എന്ന് തന്നെയാണ് ഇതിൽ നിന്നെല്ലാം കാണേണ്ടത്.' -പിണറായി വിജയൻ പറഞ്ഞു.
വൈകുന്നേരം അഞ്ചോടെയാണ് സെമിനാറിന് തുടക്കമായത്. കോൺഗ്രസ് നേതൃത്വത്തിന്‍റെ വിലക്ക് ലംഘിച്ച് സെമിനാർ വേദിയിലെത്തിയ കെ.വി തോമസിനെ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. കെ.വി തോമസ് കാണിച്ചത് ധീരതയാണെന്നാണ് സ്വാഗത പ്രസംഗത്തിൽ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞത്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സെമിനാറിൽ മുഖ്യാതിഥിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.