ഗവർണർ വാക്കുകൾ ഉപയോഗിക്കുമ്പോൾ വിവേകവും മാന്യതയും ഉണ്ടാകുന്നത് നല്ലത് -മുഖ്യമന്ത്രി

കണ്ണൂർ: ഗവർണർ എന്ന ഭരണഘടനാ പദവി അതേ രീതിയിൽ അന്തസ്സോടെ കാത്തുസൂക്ഷിക്കുന്നതാണ് നല്ലതെന്നും വാക്കുകൾ ഉപയോഗിക്കുമ്പോൾ ഗവർണർക്ക് വിവേകവും മാന്യതയും ഉണ്ടാകുന്നത് നല്ലതാ​ണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം കോട്ടയം സൗത്ത് ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാറിനെ അപകീർതിപ്പെടുത്താൻ ഒരരുങ്ങിപ്പുറപ്പെട്ട ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും നിലവാരത്തിലേക്ക് താഴ്ന്ന് ഗവർണർ ആ ഭരണഘടനാപദവിയെ താഴ്ത്തിക്കെട്ടരുത്. ഗവർണർ എന്ന ആ ഭരണഘടനാ പദവി അതേ രീതിയിൽ അന്തസ്സോടെ കാത്തുസൂക്ഷിക്കുന്നതാണ് നല്ലത്. നല്ല മാന്യതയും നല്ല ശുദ്ധമായ നിലയും വാക്കുകൾ ഉപയോഗിക്കുമ്പോൾ എന്താണ് താൻ പറയുന്നത് എന്ന് കൃത്യമായി തിരിച്ചറിയാനുള്ള വിവേകവും ഉണ്ടാകുന്നത് നല്ലതാണ് -മുഖ്യമന്ത്രി പറഞ്ഞു.

ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ ആർ.എസ്​.എസ്​ വിധേയനും കമ്യൂണിസ്റ്റ്​ വിരുദ്ധ പ്രചാരകനുമാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വല്ലാതെ തരംതാഴ്ന്ന് സംസാരിക്കരുത്​. പെട്ടെന്നുണ്ടാകുന്ന വികാരത്തിൽ എന്തെങ്കിലും വിളിച്ചുപറയരുത്. ആരിഫ് മുഹമ്മദ് ഖാന് വ്യക്തിപരമായ രാഷ്ട്രീയമുണ്ടാകാം. പല ആശയങ്ങളോട് ആഭിമുഖ്യം പുലർത്തി പാർട്ടികൾ പലത്​ പരീക്ഷിച്ചിട്ടുമുണ്ടാകാം. അങ്ങനെയുള്ള ആൾ ഗവർണർ പദവിയിലിരുന്ന് തന്‍റെ രാഷ്ട്രീയം പറയരുത്​.

അദ്ദേഹത്തിന് വിദേശത്ത് നിന്ന് വന്ന ആശ​യ​ങ്ങളോട് വല്ലാത്ത പുച്ഛമാണ് എന്നാണ് പറയുന്നത്. എന്നാൽ, ജർമനിയിൽനിന്ന് ആശയം സ്വീകരിച്ച ആർ.എസ്.എസ്, ഇറ്റലിയിൽനിന്ന് മുസോളിനിയുടെ ഫാസിസം പഠിച്ച് ഇവിടെ നടപ്പാക്കുമ്പോൾ ആ ആർ.എസ്.എസിനെ വലിയ തോതിൽ ആ​വേശത്തോടെ കേരളത്തിലെ ഗവർണർ പുകഴ്ത്തി പറയയുന്നു. വിദേശത്ത്നിന്ന് വന്ന ആർ.എസ്.എസിനോട് വല്ലാത്ത വിധേയത്വമാണ് ഗവർണർക്ക്. വിദേശആശയത്തെ പുച്ഛിക്കുന്നെങ്കില്‍ ഗവര്‍ണര്‍ക്ക് ജനാധിപത്യത്തെയും പുച്ഛിക്കേണ്ടിവരും.

ആഭ്യന്തര ശത്രുക്കൾ മൂന്ന് വിഭാഗമുണ്ട് എന്നാണ് ആർ.എസ്.എസ് പറയുന്നത്. മുസ്‍ലിംകൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകാർ എന്നിവരാണവർ. ജർമനിയിൽ ഹിറ്റ്ലർ പറഞ്ഞത് ഇവിടെ ഗോൾവാൾക്കർ പറഞ്ഞു. ആശയം ജർമനിയിൽനിന്ന് ആർ.എസ്.എസ് സ്വീകരിച്ചു. അത് നടപ്പാക്കാൻ സായുധ പരി​ശീലനം ആരംഭിച്ചു. ആ സായുധ പരിശീലനവും ആർഷ ഭാരത സംസ്കാരമല്ല. അതിന് മാതൃകയായി അവർ എടുത്തത് ഇറ്റലിയെയാണ്. അവിടെയാണ് ഫാസിസം യഥാർഥ രൂപത്തിൽ ഉണ്ടായിരുന്നത്. അതാണ് ആർ.എസ്.എസ് അവിടെ പോയി പഠിച്ച് ഇവി​ടെ നടപ്പാക്കുന്നത് -മുഖ്യമന്ത്രി പറഞ്ഞു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇകഴ്ത്തി കാണിക്കാൻ ഗവർണർ വല്ലാതെ പാടുപെടുകയാണ്​. കേരളത്തിന്റെയും രാജ്യത്തിന്റെയും ചരിത്രം അദ്ദേഹം ഉൾക്കൊള്ളണം. ഈ നാട്ടിൽ കമ്യൂണിസ്റ്റ് വേട്ട നടന്നിരുന്നു. നിരവധി സഖാക്കളെ ബന്ദിയാക്കി. രക്തസാക്ഷിത്വം വരിച്ചു. ജയിലറകൾക്കുള്ളിലും ലോക്കപ്പുകൾക്കുള്ളിലും പീഡനം അനുഭവിച്ചു. സ്ത്രീകളുടെ മാനം കെടുത്തുന്ന സംഭവങ്ങൾ പോലുമുണ്ടായി. 1948 കാലത്തെ വലിയ കമ്യൂണിസ്റ്റ് വേട്ട കഴിഞ്ഞ് 10 വർഷം കൊണ്ടുതന്നെ തങ്ങൾക്ക് വേണ്ടത് കമ്യൂണിസ്റ്റുകളാ​ണെന്ന്​ ജനം തീരുമാനിച്ചു. കമ്യൂണിസ്റ്റ് പാർട്ടി കൈയൂക്കു കൊണ്ട് കാര്യം നേടുന്നുവെന്നു പറയുന്ന ഗവർണർ ഈ ചരിത്രം മനസ്സിലാക്കണം.

ആർ.എസ്.എസ്, സംഘ്പരിവാർ നേതൃത്വത്തിൽനിന്ന്​ വലിയ ഭീഷണിയാണ്​ ന്യൂനപക്ഷം നേരിടുന്നത്. പൗരത്വംപോലും സാധാരണ ഗതിയിൽ ലഭിക്കില്ലെന്നു പറയുന്നു. രാജ്യത്തെ പ്രസിദ്ധമായ ആരാധനാലയങ്ങൾ ന്യൂനപക്ഷങ്ങളുടെ കൈയിൽനിന്ന്​ പിടിച്ചെടുക്കാനാണ്​ സംഘ്പരിവാർ ശ്രമിക്കുന്നത്​. തങ്ങളാണ് സ്വാതന്ത്ര്യ സമരം നടത്തിയതെന്ന് സ്ഥാപിക്കാനാകുമോയെന്നാണ് ആർ.എസ്.എസ് നോക്കുന്നത്. തങ്ങൾ ആഗ്രഹിക്കുന്ന കാര്യമേ നടക്കാവൂ എന്നാണ് ആർ.എസ്.എസ് ആഗ്രഹിക്കുന്നത്.

ആർ.എസ്​.എസിനോട്​ ഗവർണർക്ക്​ വല്ലാത്ത വിധേയത്വമാണ്. ഗവർണർ സ്ഥാനം ഭരണഘടന പദവിയാണെന്ന് ഗവർണർ മറന്നുപോകരുത്. പദവിയെ വല്ലാതെ താഴ്ത്തിക്കെട്ടരുത്​. മാന്യമായ നിലയിൽ പെരുമാറണം. വാക്കുകൾ ഉപയോഗിക്കുമ്പോൾ വിവേകം വേണം. ഈ ഘട്ടത്തിൽ ഇത്രമാത്രമേ പറയാനുള്ളൂ. ബാക്കി കാര്യങ്ങൾ പറയേണ്ടതുണ്ട്. അത് പിന്നീട് പറഞ്ഞുകൊള്ളാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - Pinarayi Vijayan against Governor Arif Mohammad Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.