കൊല്ലം: ഇടത് സർക്കാറിനെതിരെ ഇടയലേഖനം ഇറക്കിയ കൊല്ലം രൂപതയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടയലേഖനത്തിന്റെ വിശ്വാസ്യത ജനങ്ങൾക്കിടയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് പിണറായി പറഞ്ഞു.
വിമർശനങ്ങൾ ഉന്നയിച്ചവർക്ക് ബോധ്യപ്പെട്ട കാര്യങ്ങളല്ല പറയുന്നത്. മറിച്ച് പ്രതിപക്ഷ നേതാവും കൂട്ടരും പറയുന്നത് ഏറ്റുപിടിച്ചാണ് പല വിമർശനങ്ങളും ഉന്നയിക്കപ്പെടുന്നതെന്നും പിണറായി ആരോപിച്ചു.
ഇടയലേഖനം ഇറക്കിയത് ശരിയാണോ എന്ന് ബന്ധപ്പെട്ടവർ ആലോചിക്കണം. രാഷ്ട്രീയ പാർട്ടികൾ പല ഇല്ലാക്കഥകളും പടച്ചു വിടാറുണ്ട്. പക്ഷേ, സമൂഹം അതു സ്വീകരിക്കുണ്ടോ എന്ന് നോക്കണമെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
മത്സ്യമേഖലയുമായി ബന്ധപ്പെട്ട് കൊല്ലം രൂപതയുടെ ഇടയലേഖനത്തിനെതിരെ എൽ.ഡി.എഫ് ജില്ല കൺവീനർ എൻ. അനിരുദ്ധൻ രംഗത്തെത്തിയിരുന്നു. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും മത്സ്യമേഖലയുടെ കരുതലും ജാഗ്രതയും എക്കാലവും എല്‍.ഡി.എഫിെൻറ മുഖമുദ്രയാണെന്നും അതിൽ പറയുന്നു. ഇടയലേഖനമെന്ന് പറയാതെ അതിനുള്ള മറുപടിയാണ് പ്രസ്താവനയിൽ ഉണ്ടായിരുന്നത്.
തീരമേഖലയില്‍ എല്‍.ഡി.എഫ് നടപ്പാക്കിയ പദ്ധതികള്മൂലമുള്ള ജനപിന്തുണ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബോധ്യപ്പെട്ടതാണ്. ഇതിനെ പാഴ്മുറം കൊണ്ട് മറയ്ക്കാനാണ് ചിലര്‍ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അനിരുദ്ധൻ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.