'ചോദ്യം ചെയ്​തതോടെ ഇ.ഡിയിൽ വിശ്വാസം കൂടിയോ'; കെ.ടി ജലീലിനെ​ തള്ളിപ്പറഞ്ഞ്​ മുഖ്യമന്ത്രി

തിരുവനന്തപുരം: എ.ആർ നഗർ സർവീസ്​ സഹകരബാങ്കിലെ സാമ്പത്തിക ഇടപാടുകൾ ഇ.ഡി അന്വേഷിക്കണമെന്ന കെ.ടി ജലീൽ എം.എൽ.എയുടെ വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ സഹകരണ മേഖല ഇ.ഡിയല്ല കൈകാര്യം ചെയ്യേണ്ടതെന്ന്​ പറഞ്ഞ മുഖ്യമ​ന്ത്രി ജലീലിന്‍റെ നിലപാടിനെ വിമർശിക്കുകയും ചെയ്​തു.

''കെ.ടി ജലീല്​ ഇ.ഡി ചോദ്യം ചെയ്ത ആളാണല്ലോ. ചോദ്യം ചെയ്യലോടെ ഇ.ഡിയിൽ കുറെക്കൂടി വിശ്വാസ്യത അദ്ദേഹത്തിന്​ വന്നിട്ടുണ്ട് എന്നാണ് തോന്നുന്നത്. അങ്ങിനെയുള്ള പ്രതികരണങ്ങളാണ് കാണുന്നത്. ഏതായാലും കേരളത്തിന്‍റെ സഹകരണ മേഖല ഇ.ഡിയല്ല കൈകാര്യം ചെയ്യേണ്ടത്. സാധാരണനിലക്ക്​ ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നത്​ ശരിയല്ല. അന്വേഷിക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ട്​. അതിപ്പോൾ നടക്കാത്തത്​ കോടതി ഇടപെടൽ ഭാഗമായാണ്​. അത്​ എല്ലാവർക്കും അറിയാം''. -മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

എ.ആർ നഗർ സഹകരണ ബാങ്കിലെ അനധികൃത നിക്ഷേപങ്ങളെക്കുറിച്ച് സഹകരണ വകുപ്പിലെ അന്വേഷണസംഘം കണ്ടെത്തിയത് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എയും ദീർഘകാലം ബാങ്ക് സെക്രട്ടറിയായിരുന്ന ഹരികുമാറും നടത്തിയ 1021 കോടിയുടെ കള്ളപ്പണ, ബിനാമി ഇടപാടുകളെന്ന് ഡോ. കെ.ടി. ജലീൽ എം.എൽ.എ ഇന്നലെ ആരോപിച്ചിരുന്നു. പ്രാഥമിക സഹകരണ സംഘം മാത്രമായ ബാങ്കിൽ അരലക്ഷത്തിൽപരം അംഗങ്ങളും 80,000ത്തിലധികം അക്കൗണ്ടുകളുമാണുള്ളത്. 257 കസ്​റ്റമർ ഐ.ഡികളിൽ മാത്രം 862 വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിക്കുവേണ്ടി ഹരികുമാർ നടത്തിയതെന്ന് മലപ്പുറം പ്രസ് ക്ലബിൽ വാർത്തസമ്മേളനത്തിൽ ജലീൽ പറഞ്ഞിരുന്നു. സ്ഥാപനത്തെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ 'സ്വിസ് ബാങ്കാ'യാണ് മാറ്റിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയും വി.കെ. ഇബ്രാഹിംകുഞ്ഞും വ്യവസായമന്ത്രിമാരായിരിക്കെ ടൈറ്റാനിയം അഴിമതിയിലൂടെ നേടിയ പണമാകാമിതെന്നും ജലീൽ ആരോപിച്ചിരുന്നു​.

Tags:    
News Summary - pinarayi vijayan Denied kt jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.