പിണറായി വിജയൻ, കെ. സുരേന്ദ്രൻ (ഫയൽ ചിത്രം)

പിണറായി ഹിരണ്യ കശിപുവിനെ പോലെ, നവകേരളം പൊറാട്ട് നാടകം -കെ. സുരേന്ദ്രൻ

തൃശ്ശൂർ: പിണറായി വിജയൻ പുരാണത്തിലെ ഹിരണ്യ കശിപുവിനെ പോലെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തൃശ്ശൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ശബരിമല തീർത്ഥാടകർക്ക് വേണ്ടിയുള്ള അന്നദാന മണ്ഡപം തകർത്തത് പ്രതിഷേധാർഹമാണ്. ഇത് പിണറായി വിജയന് അയ്യപ്പഭക്തരോടുള്ള കലി അടങ്ങിയിട്ടില്ലെന്നുള്ളതിൻ്റെ ഉദാഹരണമാണ്. ലക്ഷങ്ങൾക്ക് പ്രയോജനം കിട്ടുന്ന അന്നദാന മണ്ഡപം എന്തിനാണ് തകർത്തത്? ഹിരണ്യ കശിപുവിനെ പോലെയാണ് പിണറായി -സുരേ​ന്ദ്രൻ ​ചോദിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരളയാത്ര ഭരണസ്തംഭനത്തിന് ആക്കം കൂട്ടുന്ന നടപടിയാണ്. തൊഴിലുറപ്പുകാർ മുതൽ ഉന്നത ഉദ്യോഗസ്ഥന്മാർ വരെ നവകേരളയാത്രയ്ക്ക് പോവുന്നത് കൊണ്ട് സർക്കാരിന് നഷ്ടം മാത്രമേയുള്ളൂ. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനാണ് നവകേരള സദസ് നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ജനങ്ങൾക്ക് പരാതി പറയാൻ പോലും സാധിക്കാത്ത സാഹചര്യമാണുള്ളത്. ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലാത്ത നവകേരളയാത്ര പ്രഹസനമായി മാറി കഴിഞ്ഞതായും സുരേന്ദ്രൻ ആരോപിച്ചു.

ഇത് വെറും പൊറാട്ട് നാടകം മാത്രമാണ്. ഉദ്യോഗസ്ഥരെ വെച്ച് പരാതി വാങ്ങുകയാണ് സർക്കാർ ചെയ്യുന്നത്. പരാതി കൊടുക്കാൻ കലക്ട്രേറ്റുകളും മറ്റ് സർക്കാർ ഓഫിസുകളുമുണ്ടല്ലോ? സർക്കാർ മിഷനറി ഉപയോഗിച്ച് വിലകുറഞ്ഞ രാഷ്ട്രീയ പ്രചരണം മാത്രമാണ് നടക്കുന്നത്. പച്ചക്കള്ളമാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്. കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന വ്യാജപ്രചരണം ആവർത്തിക്കുകയാണ്. ലൈഫ് പദ്ധതി സംസ്ഥാനത്തിൻ്റെ മാത്രമാണെന്ന് വീരവാദം മുഴക്കിയിരുന്ന മുഖ്യമന്ത്രി ഇപ്പോൾ പദ്ധതി മുടങ്ങിയത് കേന്ദ്രം അവഗണിച്ചതു കൊണ്ടാണെന്നാണ് പറയുന്നത്. ക്ഷേമപെൻഷൻ്റെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. സർക്കാരിൻ്റെ വലിയ നേട്ടമായി അവതരിപ്പിച്ച ക്ഷേമപെൻഷൻ കേന്ദ്രസർക്കാർ പണം കൊടുക്കാത്തത് കൊണ്ട് മുടങ്ങിയെന്നാണ് പറയുന്നത്. കേന്ദ്രവിഹിതം കൃത്യമായി കൊടുക്കുമ്പോൾ സംസ്ഥാന വിഹിതം മുടങ്ങുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. തൊഴിലുറപ്പ് പദ്ധതിയുടെ കാര്യത്തിലും നെല്ലിൻ്റെ സംഭരണത്തിലും ഇത് തന്നെയാണ് നടക്കുന്നത്.

നവകേരള സദസ് നടത്തിയിട്ടും ഇതുവരെ ഒരു വ്യവസായിയും കേരളത്തിൽ സംരഭം നടത്താമെന്ന് പറയുന്നില്ല. പ്രതിഷേധക്കാരെ അടിച്ചമർത്തുന്ന മുഖ്യമന്ത്രി ശരിക്കുള്ള പ്രതിഷേധം കാണാൻ പോവുന്നേയുള്ളൂ. ഹമാസ് അനുകൂല റാലിയിൽ പറഞ്ഞ കാര്യം തന്നെയാണ് നവകേരള സദസിലും മുഖ്യമന്ത്രി പറയുന്നത്. രാഷ്ട്രീയം പറയാൻ പാർട്ടി പൊതുയോഗം വെച്ചാൽ പോരെയെന്നും സുരേന്ദ്രൻ ചോദിച്ചു.

യൂത്ത് കോൺഗ്രസിന് വ്യാജ അധ്യക്ഷനെയാണ് എഐസിസി അവരോധിച്ചത്. പരാതി നൽകിയ പ്രവർത്തകരെ അവഗണിച്ച് വ്യാജൻമാരെ ചുമതലയേൽപ്പിച്ചു. തീവ്രവാദികൾ ചെയ്യുന്ന കാര്യങ്ങളാണ് കോൺഗ്രസ് നേതാക്കൾ ചെയ്യുന്നത്. പാലക്കാട് എംഎൽഎയും കർണാടക യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമാണ് ഇതിന് പിന്നിൽ. പൊലീസിൻ്റെ അന്വേഷണത്തിൽ മെല്ലെപ്പോക്ക് നടക്കുന്നു. മദർ കാർഡ് ഉപയോഗിച്ച ടോമിൻ മാത്യുവിനെ ചോദ്യം ചെയ്തില്ല. സിആർ കാർഡ് ആപ്പിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നില്ല. സംസ്ഥാന സർക്കാരിൽ വി.ഡി സതീശന് നല്ല സ്വാധീനമുണ്ട്. നാടിനെ ബാധിക്കുന്ന പ്രശ്നത്തിൽ സമഗ്രമായ അന്വേഷണം വേണം. സംസ്ഥാന വ്യാപകമായി വ്യാജ കാർഡുണ്ടാക്കാൻ ട്രെയിനിംഗ് നടന്നിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - Pinarayi vijayan like Hiranyakashipu -K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.