ത്രിപുരയിലേത് ആർ.എസ്.എസിന്‍റെ അതിമോഹം -പിണറായി

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെയും ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കാനുള്ള ആർ.എസ്.എസിന്‍റെ അതിമോഹമാണ് ത്രിപുരയിൽ അഴിഞ്ഞാടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പി ദേശീയ നേതാക്കൾ തന്നെ അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ആർ എസ്.എസ് ആക്രമണങ്ങളിൽ 500 ൽ അധികം പ്രവർത്തകർ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. 1500 ൽ അധികം വീടുകൾ തകർക്കുകയും കത്തിക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യാമെന്നത് വെറും വ്യാമോഹമാണ്. മതനിരപേക്ഷത പുലരാനും സമാധാനം സംരക്ഷിക്കാനും സ്വജീവൻ ബലിയർപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തവരാണ് കമ്മ്യൂണിസ്റ്റുകാർ. വർഗീയതയുടെയും പണക്കൊഴുപ്പിന്‍റെയും വിവേകശൂന്യതയുടെയും ചേരുവകൾ കൊണ്ട് ഫാസിസ്റ്റ് മോഹങ്ങൾ നട്ടു വളർത്തുന്ന ആർ.എസ്.എസ് ബുദ്ധികേന്ദ്രങ്ങൾ സമര പാരമ്പര്യങ്ങളെക്കുറിച്ച് അജ്ഞരാണ്. അതു കൊണ്ടാണ് നാലു പ്രതിമ തകർത്താൽ കമ്മ്യൂണിസ്റ്റുകാർ ഇല്ലാതായിപ്പോകുമെന്ന് അവർ ധരിക്കുന്നതെന്നും പിണറായി കുറിച്ചു. 


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

കമ്മ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെയും ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കാനുള്ള ആർ എസ് എസിന്റെ അതിമോഹമാണ് ത്രിപുരയിൽ അഴിഞ്ഞാടുന്നത്. കമ്യൂണിസ്റ്റുകാരെ തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ച് ബി ജെ പി ദേശീയ നേതാക്കൾ തന്നെ അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് ദേശീയതല ഗൂഢാലോചനയുടെ ഭാഗമാണ്. ത്രിപുരയിൽ ആർ എസ് എസ് ആക്രമണങ്ങളിൽ 500 ൽ അധികം പ്രവർത്തകർ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. 1500 ൽ അധികം വീടുകൾ തകർക്കുകയും കത്തിക്കുകയും ചെയ്തു. അക്രമം പുറം ലോകത്തോട് വിളിച്ചു പറഞ്ഞ പെൺകുട്ടിയ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി.

25 വർഷം കൊണ്ട് ത്രിപുരയിലെ ജനത നേടിയ നേട്ടങ്ങൾ ഒരു രാത്രി കൊണ്ട് ചുട്ടെരിക്കപ്പെട്ടു. മഹാനായ ലെനിന്റെ പ്രതിമയെ പോലും ഭയന്ന്, ആർ എസ് എസ് സംഘം അത് തകർക്കുകയും ആനന്ദനൃത്തം ചവിട്ടുകയും ചെയ്യുന്നു. ജനാധിപത്യ ഇന്ത്യയുടെ മുഖം വികൃതമാക്കുന്നതാണ് ഈ ദൃശ്യങ്ങൾ. ഇത് രാജ്യത്തിനുള്ള മുന്നറിയിപ്പാണ്. പണം, അധികാരം, അക്രമം എന്നിവ കൂട്ടിക്കലർത്തി ജനാധിപത്യത്തിന് പുതിയ നിർവ്വചനം നൽകാനാണ് ആർ എസ് എസ് ശ്രമം.

ഭരണകൂടത്തിന്റെ കിരാതവാഴ്ചകളെ എതിരിട്ടാണ് കമ്യൂണിസ്റ്റ് പാർട്ടി രാജ്യത്ത് വളർന്നത്. ഫാസിസ്റ്റ് തേർവാഴ്ചകൾക്കു മുന്നിൽ നെഞ്ച് വിരിച്ച് നിന്ന് രക്തസാക്ഷിത്വം വരിച്ച ധീരൻമാരുടെ മണ്ണാണിത്. അടിച്ചമർത്തിയാലും കുഴിച്ചുമൂടാൻ വന്നാലും പ്രതിരോധിക്കാനും തിരിച്ചുവരാനും ശേഷിയുള്ളവരാണ് കമ്മ്യുണിസ്റ്റുകാർ. ത്രിപുരയിലെ ജനങ്ങളെ ആകെ അണിനിരത്തി ഈ ഫാസിസ്റ്റ് നീക്കങ്ങളെ ചെറുക്കേണ്ടതുണ്ട്. പൊരുതുന്ന ത്രിപുരയിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ജനാധിപത്യത്തെ പണാധിപത്യമാക്കിയും അട്ടിമറിച്ചും നേടിയ വിജയത്തിന്റെ ലഹരിയിൽ ഫാസിസ്റ്റ് വ്യാമോഹം എണ്ണയൊഴിച്ച് കത്തിക്കാമെന്ന് സംഘ പരിവാർ കരുതരുത്. അങ്ങനെ കരുതിയവർക്കും അഹങ്കരിച്ചവർക്കും ദയനീയ അന്ത്യമാണ് എക്കാലത്തും സംഭവിച്ചത്.

കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യാമെന്നത് വെറും വ്യാമോഹമാണ്. മതനിരപേക്ഷത പുലരാനും സമാധാനം സംരക്ഷിക്കാനും സ്വജീവൻ ബലിയർപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തവരാണ് കമ്മ്യൂണിസ്റ്റുകാർ; അതാണ് പാരമ്പര്യം. വർഗീയതയുടെയും പണക്കൊഴുപ്പിന്റെയും വിവേകശൂന്യതയുടെയും ചേരുവകൾ കൊണ്ട് ഫാസിസ്റ്റ് മോഹങ്ങൾ നട്ടു വളർത്തുന്ന ആർ എസ് എസ് ബുദ്ധികേന്ദ്രങ്ങൾ ഇന്നാട്ടിന്റെ സമര പാരമ്പര്യങ്ങളെക്കുറിച്ച് അജ്ഞരാണ്. അതു കൊണ്ടാണ് നാലു പ്രതിമ തകർത്താൽ കമ്മ്യൂണിസ്റ്റുകാർ ഇല്ലാതായിപ്പോകുമെന്ന് അവർ ധരിക്കുന്നത്.

Tags:    
News Summary - Pinarayi Vijayan on RSS Attacks in Tripura-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.