പിണറായി സ്വന്തം സ്വഭാവം മറ്റൊരാളുടെ തലയില്‍ കെട്ടിവെക്കുന്നു; അടിയന്തരമായി ഡോക്ടറെ കാണണം -വി.ഡി. സതീശൻ

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം സ്വഭാവം മറ്റൊരാളുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണെന്നും മറ്റുള്ളവരുടെ മാനസികനില സംശയിക്കുന്ന മുഖ്യമന്ത്രി അടിയന്തരമായി ഡോക്ടറെ കാണണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷ നേതാവ് തോന്നിയ പോലെ കാര്യങ്ങള്‍ ചെയ്യുന്ന ആളാണെന്നും മാനസികനില തകരാറിലാണെന്നും ബഹിഷ്‌ക്കരണവീരനാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാക്കളെയും അപമാനിക്കാന്‍ വേണ്ടിയാണ് ജനങ്ങളുടെ ചെലവില്‍ നടത്തുന്ന നവകേരള സദസിനെ മുഖ്യമന്ത്രി ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷത്തെയുമൊക്കെ വിമര്‍ശിക്കാം. പക്ഷെ ഇത് നാട്ടുകാരുടെ ചെലവില്‍ നവകേരള സദസെന്ന പേരിലുള്ള തെരഞ്ഞെടുപ്പ് പ്രചരണമാണെന്നും സതീശൻ കുറ്റപ്പെടുത്തി.

ഞാന്‍ തോന്നും പോലെ കാര്യങ്ങള്‍ ചെയ്യുന്ന ആളല്ല. തോന്നുംപോലെ കാര്യങ്ങള്‍ ചെയ്ത് കേരളത്തിലെ സി.പി.എമ്മിനെ സര്‍വനാശത്തിലേക്ക് നയിക്കുന്ന ആളാണ് മുഖ്യമന്ത്രി. മന്ത്രിസഭയിലോ പാര്‍ട്ടിയിലോ ഘടകകക്ഷിയിലോ ചര്‍ച്ച ചെയ്യാതെ ഏകാധിപത്യമാണ് നടപ്പാക്കുന്നത്. നവകേരള സദസ് ബഹിഷ്‌ക്കാരിക്കാനുള്ള തീരുമാനം എടുത്തത് യു.ഡി.എഫാണ്. യു.ഡി.എഫിന്റെ തീരുമാനമാണ് ഞാന്‍ പ്രഖ്യാപിച്ചത്. അല്ലാതെ തോന്നിയ പോലെ ചെയ്തതല്ല. സ്വന്തം സ്വഭാവം മറ്റൊരാളുടെ തലയില്‍ കെട്ടിവെക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ആരുമായും ഒന്നും ആലോചിക്കാത്ത ധിക്കാരിയായ മുഖ്യമന്ത്രിയാണ് എനിക്കെതിരെ ആക്ഷേപം പറഞ്ഞത്.

എന്റെ മാനസികനില തകരാറിലാണെന്നതാണ് അടുത്ത ആക്ഷേപം. ഇത് മുഖ്യമന്ത്രിക്ക് കുറേക്കാലമായി തുടങ്ങിയ അസുഖമാണ്. വൈദ്യുതി മന്ത്രിയായിരിക്കുമ്പോള്‍ ലാവ് ലിന്‍ ഫയലില്‍ അന്നത്തെ ധനകാര്യ സെക്രട്ടറി അസംബന്ധം എന്ന് എഴുതിയപ്പോള്‍ ഇയാളുടെ തല പരിശോധിക്കണം എന്ന് എഴുതിയ ആളാണ് പിണറായി. മറ്റുള്ളവരുടെ മാനസികനിലയെ കുറിച്ച് മുഖ്യമന്ത്രിക്ക് എപ്പോഴും സംശയമാണ്. നിയമസഭയില്‍ ഒരു ഡസണ്‍ തവണയില്‍ അധികം മറ്റുള്ളവരുടെ മാനസിക നിലയെ കുറിച്ച് മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കാണുന്ന എല്ലാവരുടെയും മാനസികനില തകരാറിലാണോ എന്ന് സംശയിക്കുന്നത് തന്നെ ഒരു അസുഖമാണ്. അദ്ദേഹം അടിയന്തരമായി ഡോക്ടറെ കാണണം.

മുഖ്യമന്ത്രി കൂടിയാലോചനകള്‍ ഇല്ലാതെ കാര്യങ്ങള്‍ ചെയ്യുന്നയാളും ഞാന്‍ കൂടിയാലോചനകള്‍ നടത്തി കാര്യങ്ങള്‍ ചെയ്യുന്ന ആളുമാണ്. യു.ഡി.എഫ് തീരുമാനമാണ് പ്രഖ്യാപിച്ചത്. വി.ഡി സതീശന്റെ തീരുമാനമല്ല, യു.ഡി.എഫിന്റെ തീരുമാനമാണ് പറഞ്ഞത്. ഒറ്റക്കെട്ടായാണ് തീരുമാനം എടുക്കുന്നത്. യു.ഡി.എഫില്‍ ഒരു തര്‍ക്കവുമില്ല. മുഖ്യമന്ത്രി സ്വപ്‌നലോകത്ത് ജീവിക്കുന്നത് കൊണ്ടായിരിക്കും യു.ഡി.എഫില്‍ തര്‍ക്കമാണെന്ന് തോന്നിയത്. ഭയപ്പെടുന്നത് കൊണ്ട് പിണറായി വിജയനെ ആരും ചോദ്യം ചെയ്യില്ല. പക്ഷെ ഞാന്‍ തെറ്റ് ചെയ്താല്‍ എന്നെ എല്ലാവരും ചോദ്യം ചെയ്യും. തെറ്റാണെങ്കില്‍ ഞാന്‍ തിരുത്തും. പിണറായി വിജയനെയാണ് എല്ലാവര്‍ക്കും പേടി. അധികാരം കൊണ്ട് എല്ലാവരെയും ഭയപ്പെടുത്തുന്ന ആളാണ് പിണറായി. അദ്ദേഹത്തിന്റെ സ്വഭാവം എന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണ്. നാട്ടിലെ എല്ലാവര്‍ക്കും അറിയാം അദ്ദേഹത്തിന്റെ രീതി എന്താണെന്ന്. ഞാനും അദ്ദേഹവും തമ്മില്‍ സ്വഭാവത്തിലോ പെരുമാറ്റത്തിലോ പ്രവൃത്തിയിലോ അജഗജാന്തര വ്യാത്യാസമുണ്ട്.

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ മുഖ്യമന്ത്രി പൊലീസിനെ അഭിനന്ദിച്ചിരിക്കുകയാണ്. തട്ടിക്കൊണ്ട് പോയവര്‍ മടക്കി നല്‍കിയില്ലായിരുന്നെങ്കില്‍ കുട്ടിയെ ഇപ്പോഴും കിട്ടില്ലായിരുന്നു. സംഭവം അറിഞ്ഞിട്ടും രണ്ട് മണിക്കൂര്‍ പൊലീസ് അനങ്ങിയില്ല. കുട്ടിയെ കണ്ടെത്തിയതില്‍ പൊലീസിന് ഒരു റോളുമില്ല. എ.ഐ കാമറ ഉണ്ടായിട്ടും കണ്ടെത്തിയില്ല. തിരുവനന്തപുരം, കൊല്ലം റൂട്ടില്‍ വാഹന പരിശോധന പോലും ഉണ്ടായില്ല. ലോകം മുഴുവന്‍ നോക്കിയിരിക്കുന്ന ഒരു കുട്ടിയെ ഓട്ടോറിക്ഷയില്‍ ആശ്രാമം മൈതാനത്ത് ഇരുത്തിയിട്ട് അവര്‍ പോയി.

ഇതു തന്നെയാണ് ട്രെയിന്‍ തീയിട്ട സംഭവത്തിലും നടന്നത്. തീയിട്ടവന്‍ അതേ ട്രെയില്‍ തന്നെ യാത്ര ചെയ്ത് കണ്ണൂരില്‍ ഇറങ്ങി. മറ്റൊരു ട്രെയിനില്‍ ബോംബെയില്‍ പോയി. ബോംബെ പൊലീസും ഇന്റലിജന്‍സും പിടികൂടിയ പ്രതിയെ കേരളത്തിലേക്ക് കൊണ്ടു വരുന്നതിനിടെ വാഹനം കേടായി. അത് പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കോഴിക്കോട്, വടകര, കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഒരു പരിശോധനയും നടത്തിയില്ല. ഇത്രയും ദയനീയമാണ് കേരളത്തിലെ പൊലീസിന്റെ അവസ്ഥ. യഹോവാ സാക്ഷികളുടെ പരിപാടിയില്‍ സ്‌ഫോടനം നടത്തിയ ആള്‍ ഭാഗ്യത്തിന് സ്റ്റേഷനില്‍ കീഴടങ്ങിയെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Pinarayi Vijayan superimposes his own character on the head of another; Urgently see a doctor -V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.