ശ്രീകണ്ഠപുരം: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പിണറായി വിജയനെ കൽത്തുറുങ്കിലടക്കുമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ എം.പി. ശ്രീകണ്ഠപുരത്ത് ഇരിക്കൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി സജീവ് ജോസഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരു സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിയും ചെയ്യാത്ത കൊള്ളക്കാരെൻറ റോളിൽ ഭരണം നടത്തിയ ആദ്യത്തെയാളാണ് പിണറായി വിജയൻ. രാജ്യത്തെ ഒമ്പത് അന്വേഷണ ഏജൻസികളും മുഖ്യമന്ത്രിയുടെ ഓഫിസിൽ കയറിയിറങ്ങി. പാവപ്പെട്ടവർക്ക് ഒന്നും നൽകാതെ അയാൾ ആഡംബരജീവിതം നയിക്കുകയാണ്. പിണറായിയുടെ വികൃതമുഖം വേണ്ട രീതിയിൽ ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാത്തതാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസിെൻറ പരാജയത്തിന് കാരണം. പലതും നമുക്ക് ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുന്നില്ലെന്നും സുധാകരകൻ ആഞ്ഞടിച്ചു.
പത്രമാധ്യമങ്ങളിലൂടെ സ്വർണക്കടത്തും മറ്റും അറിയുന്നത് 40 ശതമാനത്തോളം പേർ മാത്രമാണ്. ബാക്കിയുള്ളവരിലേക്ക് നമ്മൾ എത്തിക്കണം. തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് കാരണം നമുക്കതിന് സാധിച്ചില്ല. എന്നാൽ, സി.പി.എം തന്ത്രപരമായി ഇതിന് പരിഹാരം കണ്ടെത്തി. കോവിഡ് ഘട്ടത്തിൽ ഒരുപാട് വളൻറിയർമാരെ ഉണ്ടാക്കി അവരിലൂടെ കിറ്റും മരുന്നും പെൻഷനും വിതരണം ചെയ്തു. വളരെ പ്ലാൻ ചെയ്ത ഈ പ്രവർത്തനത്തിന് മുന്നിൽ നമ്മൾ നിശ്ചലരായി. ഡി.വൈ.എഫ്.ഐയുടെ കുട്ടികൾക്കു മാത്രമാണ് സർക്കാർ വളൻറിയർ കാർഡ് നൽകിയത്. ഇതുമൂലം ജനങ്ങളിൽനിന്ന് നമ്മൾ അകന്നുപോയി. ഇതുമാറ്റി ജനങ്ങളോട് അടുത്ത് ഇടപഴകി പ്രവർത്തനം നടത്തണമെന്നും ഇരിക്കൂറിൽ കോൺഗ്രസ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.