ഗോൾവാൾക്കറുടെ പേര് നൽകരുത്; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയുടെ പുതിയ ക്യാംപസിന് എം.എസ്. ഗോൾവാൾക്കറുടെ പേര് നൽകരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധന് കത്തയച്ചു. അന്താരാഷ്ട്രതലത്തിൽ പ്രശസ്തനാ‍യ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ പേര് നൽകാമെന്ന അഭിപ്രായമാണ് സംസ്ഥാനത്തിന് ഉള്ളതെന്നും നിലവിലെ തീരുമാനം പുന:പരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ഗോൾവാൾക്കറെപ്പോലെ വർഗീയതയുടെ പ്രത്യയശാസ്ത്രം ചമച്ച ഒരു വ്യക്തിയുടെ പേര് ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന് നൽകുന്നത് അനുചിതമാണെന്ന് മുഖ്യമന്ത്രി പിന്നീട് ഫേസ്ബുക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യാനന്തരം മതവർഗീയത തീർത്ത നിരവധി സംഘർഷങ്ങളിലൂടെ കടന്നു പോയ ഒരു രാജ്യത്തിന്‍റെ ഭാഗമായിരുന്നിട്ടും, അതെല്ലാം സധൈര്യം ചെറുത്ത് മതസൗഹാർദ്ദത്തിന്‍റെ സന്ദേശം ഉയർത്തിപ്പിടിച്ചു നിലകൊണ്ട സംസ്ഥാനമാണ് കേരളം. വർഗീയത പോലുള്ള സങ്കുചിത ചിന്തകൾ തീർത്ത വേലിക്കെട്ടുകൾ തകർത്തുകൊണ്ട് മാനവികത ഉയർത്തിപ്പിടിച്ച സംസ്കാരമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ എം.എസ്. ഗോൾവാൾക്കറെപ്പോലെ വർഗീയതയുടെ പ്രത്യയശാസ്ത്രം ചമച്ച ഒരു വ്യക്തിയുടെ നാമം കേരളത്തിലെ ഒരു പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയുടെ പുതിയ ക്യാംപസിനു നൽകുന്നത് അനുചിതമാണ്.

ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികൾക്ക് അംഗീകരിക്കാനാവാത്ത നടപടിയാണത്. ശാസ്ത്രമുൾപ്പെടെ ആധുനികതയുടെ സംഭാവനകളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് പ്രാകൃതമായ സംസ്കൃതിയെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്ന ഗോൾവാൾക്കെറെപ്പോലൊരു വ്യക്തിയുടെ നാമം ഇത്തരമൊരു ഗവേഷണസ്ഥാപനത്തിനു ചാർത്തുന്നത് അനീതിയാണ്. വർഗീയതയിൽ ഊന്നിയ വെറുപ്പിന്‍റെ വിചാരധാരയല്ല, മറിച്ച് സ്വതന്ത്രചിന്തയുടെ മാതൃകയായി മാറിയ വ്യക്തികളുടെ ചരിത്രമായിരിക്കണം അത്തരമൊരു സ്ഥാപനത്തിനു പ്രചോദനമാകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.