കോട്ടയം: ലാവ്‍ലിൻ കേസിൽ ഉടൻ വിധി വന്നാൽ പിണറായി ജയിലിലേക്കു പോകേണ്ടി വരുമെന്നും ആ കേസിന്റെ കാര്യം വാർത്തയാകാതിരിക്കാനാണ് തന്റെ വീട് കേരള പൊലീസിനെ കൊണ്ട് റെയ്ഡ് ചെയ്യിക്കുന്നതെന്നും പൂഞ്ഞാറിലെ മുൻ എം.എൽ.എയും ജനപക്ഷം പാർട്ടി നേതാവുമായ പി.സി. ജോർജ്. ജോർജിന്‍റെ മകനും കോട്ടയം ജില്ല പഞ്ചായത്ത് മെമ്പറുമായ ഷോൺ ജോർജിന്‍റെ വീട്ടിൽ നടക്കുന്ന ക്രൈംബ്രാഞ്ച് റെയ്ഡിനോട് പ്രതികരിക്കുകയായിരുന്നു ജോർജ്.
'ഇത് ഞാനും മകനും താമസിക്കുന്ന വീടാണ്. ഇന്നു രാവിലെ 7.15നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് ഇവിടെ വന്നത്. ചോദിച്ചപ്പോൾ അവർ റെയ്ഡിനുള്ള ഓർഡറും കാണിച്ചു. ഓർഡർ അനുസരിച്ച് ആ ഒരൊറ്റ ഫോൺ എടുക്കാനേ പാടുള്ളൂ. എല്ലാ വാതിലും തുറന്നുകൊടുക്കാൻ ഞാൻ പറഞ്ഞു. എല്ലായിടത്തും റെയ്ഡ് നടത്തിക്കോളാൻ പറഞ്ഞു. നമ്മളതിനൊന്നും തടസം പറഞ്ഞില്ല.
അവർ അകത്തു കയറി മുഴുവൻ പരിശോധിച്ചു. അന്വേഷിച്ച് വന്നിട്ട് എന്തെങ്കിലും കൊണ്ടു പോകണ്ടേ? ഒടുവിൽ ഷോണിന്റെ മക്കളായ ഒന്നാം ക്ലാസിൽ പഠിക്കുന്ന അമ്മുവിന്റെയും ആറിൽ പഠിക്കുന്ന അപ്പുവിന്റെയും ടാബ് എടുക്കാൻ പൊലീസ് ശ്രമിച്ചു. അവർക്ക് പരീക്ഷ നടക്കുകയാണെന്ന് ഓർക്കണം. അതാ എനിക്ക് അരിശം വന്നത്' -ജോർജ് പറഞ്ഞു.
നടന്‍ ദിലീപിനെതിരെ ഗൂഢാലോചന ഉണ്ടെന്ന് വരുത്താന്‍ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി പ്രമുഖരുടെ പേരില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ച കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് പരിശോധന. പി.സി. ജോർജും ഷോൺ ജോർജും താമസിക്കുന്ന ഈരാറ്റുപേട്ട ചേന്നാട് കവലയിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അമ്മിണികുട്ടന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
എന്നാൽ, ദിലീപിന്റെ അനിയൻ 2019ൽ ഷോണിനെ വിളിച്ച ഫോണാണ് അവർ അന്വേഷിക്കുന്നതെന്നും ഈ ഫോൺ നഷ്ടപ്പെട്ടതാണെന്നും ജോർജ് പറഞ്ഞു. 'ഈ കത്ത് നോക്കൂ. ഇത് 2019 നവംബർ 26ന് ഷോൺ ജോർജ് ജില്ലാ പൊലീസ് മേധാവിക്കു കൊടുത്ത കത്താണ്. അതിൽ പറയുന്നത് ഈ ഫോൺ അന്നു രാവിലെ മുതൽ നഷ്ടപ്പെട്ടുപോയെന്നാണ്. 2019ൽ നഷ്ടപ്പെട്ടെന്നു പറയുന്ന സാധനത്തിന്, ഈ 2022ൽ എന്തിനാണ് റെയ്ഡ്? അന്ന് ഇങ്ങനെ ഒരു ഇഷ്യൂ ഒന്നും ഇല്ലാത്ത കാലത്താണ് ഫോൺ നഷ്ടപ്പെട്ടത്. ദിലീപിന്റെ കേസിൽ പൊലീസ് കോടതിയിൽ പൊളിഞ്ഞുപോയി. ക്രൈംബ്രാഞ്ചിന് നാണക്കേടായി. അവൻമാർ അതുകൊണ്ട് വേറെ കേസ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്' -ജോർജ് ആരോപിച്ചു.
'ഇപ്പോഴത്തെ പ്രശ്നം എന്താണെന്നാൽ, പിണറായി വിജയനുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസുണ്ടല്ലോ. 28 തവണയാണ് യുഎഇയിൽനിന്ന് സ്വർണം കടത്തിയത്. ഇതുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ എന്റെ പക്കലുണ്ടെന്ന് ഒരുവിധം എല്ലാവർക്കും അറിയാം. അതൊന്നും എടുത്തുകൊണ്ടു പോകാൻ പറ്റില്ല. അതെല്ലാം ഭദ്രമായി എന്റെ കയ്യിലുണ്ട്.
ഇപ്പോഴത്തെ വലിയ പ്രകോപനം എന്താണെന്ന് അറിയാമോ? ലാവ്‌ലിൻ കേസിൽ ഈ ഓണാവധിക്കു ശേഷം വിധി വരികയാണ്. പിണറായിക്ക് ജയിലിൽ പോകുകയല്ലാതെ വേറെ മാർഗമില്ല. ശിക്ഷ കിട്ടുമെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് 20 വർഷമായി കേസ് പിടിച്ചുവച്ചിരിക്കുന്നത്. അതിനായി എന്തെല്ലാം അവിഹിത മാർഗങ്ങളാണ് ഉപയോഗിച്ചത്. അതെല്ലാം മാറി വിധി വരാൻ പോവുകയാണ്. അതായത് പിണറായി ജയിലിലേക്കു പോകും. കേസിന്റെ കാര്യം വാർത്തയാകാതിരിക്കാൻ എന്റെ വീട് റെയ്ഡ് ചെയ്തൂന്നേയുള്ളൂ' -ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
അതിജീവിതക്കെതിരെ ആസൂത്രിത പ്രചാരണം നടത്താൻ വേണ്ടി വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പ് നിർമിച്ചെന്ന കേസ് ക്രൈംബ്രാഞ്ച് കൊച്ചി യൂനിറ്റ് നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു. വാട്ട്സ്ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ഒരു സ്ക്രീൻ ഷോട്ട് ഷോൺ ജോർജിന്‍റെ ഫോണിൽ നിന്ന് നടൻ ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിലേക്ക് പോയിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രധാന പ്രതിയായ നടൻ ദിലീപിന് അനുകൂലമായ നിലപാടാണ് പി.സി. ജോർജും ഷോൺ ജോർജും സ്വീകരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.